"ഇതിഹാസമൊക്കെ തന്നെ, പക്ഷേ ഇപ്പോൾ വയസ്സനായി" - സ്റ്റാർക്കിനെ കൂടാതെ ജയ്‌സ്വാളിന്റെ ക്രൂരമായ സ്ലെഡ്ജിങ്ങിന് ഇരയായി മറ്റൊരു ഓസീസ് താരം കൂടി
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിനിടെ ഇന്ത്യയുടെ യുവതാരം യശസ്വി ജയ്‌സ്വാൾ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്തത് വ്യാപകമായ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. സ്റ്റാർക്ക് എറിഞ്ഞ പന്ത് ഡിഫൻഡ് ചെയ്ത ജയ്‌സ്വാൾ, ‘പന്ത് വളരെ സ്ലോ ആയാണല്ലോ വരുന്നത്?’ എന്ന് ചോദിക്കുന്നത് സ്റ്റമ്പ് മൈക്കിൽ വ്യക്തമായി കേട്ടു. എന്നാൽ താരം സ്റ്റാർക്കിനെ മാത്രമല്ല, തന്നെയും സ്ലെഡ്ജ് ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഓസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ.
ജയ്‌സ്വാൾ തന്റെ മെയ്ഡൻ ടെസ്റ്റ് സെഞ്ച്വറി നേടിയ ശേഷം ലിയോണിനെ "പ്രായമായ" ഇതിഹാസമെന്ന് വിളിച്ചതായാണ് ലിയോൺ പറഞ്ഞത്.
ലിയോണിന്റെ പ്രതികരണം
"യുവതാരം ജയ്‌സ്വാൾ, ‘നിങ്ങൾ ഒരു ഇതിഹാസമായിരിക്കാം, പക്ഷേ ഇപ്പോൾ നിങ്ങൾക്ക് പ്രായമായി’ എന്നാണ് എന്നോട് പറഞ്ഞത്. ഞാൻ ബൗളിംഗ് ചെയ്ത് തിരിയുമ്പോഴാണ് അവൻ അങ്ങനെ പറയുന്നത്" എസ്‌ഇഎൻ റേഡിയോയിൽ സംസാരിക്കവെ ലിയോൺ പറയുന്നു. "ജയ്‌സ്വാൾ 120 റൺസിൽ നിൽക്കുമ്പോഴാണ് എന്നെ സ്ലെഡ്ജ് ചെയ്തത്. പക്ഷേ അതെല്ലാം കളിയുടെ ഭാഗമാണ്. ഞാൻ ഇതെല്ലാം ആസ്വദിക്കാറുണ്ട്" - ലിയോൺ പറയുന്നു
ജയ്‌സ്വാളിന്റെ മികച്ച പ്രകടനം
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിൽ മികച്ച സെഞ്ച്വറി നേടിയ ജയ്‌സ്വാൾ, ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ 295 റൺസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. പെർത്തിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ യുവതാരം 160 റൺസ് നേടി മികവ് തെളിയിച്ചു. ഇതേ ഇന്നിംഗ്‌സിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയും സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തി.
സ്റ്റാർക്കുമായുള്ള സ്ലെഡ്ജിങ്
പെർത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയയുടെ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കുമായും ജയ്‌സ്വാൾ കളിയാക്കലിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ 19-ാം ഓവറിൽ സ്റ്റാർക്കിന്റെ പന്ത് ബൗണ്ടറിക്ക് പറത്തിയ ശേഷം "നിങ്ങൾ വളരെ സാവധാനത്തിലാണ് പന്തെറിയുന്നത്" എന്ന് ജയ്‌സ്വാൾ സ്റ്റാർക്കിനോട് പറഞ്ഞു. നേരത്തെ ഓസ്‌ട്രേലിയൻ ഇന്നിങ്സിൽ ഇന്ത്യൻ പേസർ ഹർഷിത് റാണയോട് ‘നിന്നേക്കാൾ വേഗത്തിൽ ഞാൻ പന്തെറിയും’ എന്ന് സ്റ്റാർക്ക് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ജയ്‌സ്വാളിന്റെ കളിയാക്കൽ.
ജയ്‌സ്വാളിന്റെ മികവ്
ആദ്യ ടെസ്റ്റിലെ ജയ്‌സ്വാളിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്. ലിയോൺ, സ്റ്റാർക്ക് തുടങ്ങിയ ഓസ്ട്രേലിയയുടെ മികച്ച ബൗളർമാരെ സ്ലെഡ്ജ് ചെയ്ത ജയ്‌സ്വാളിനെ ഏതുവിധേനയും മെരുക്കുക എന്നതാവും ഓസീസിന്റെ ലക്‌ഷ്യം.