ചഹല്‍ ബാറ്റിംഗ് ഹീറോ, രഞ്ജിയില്‍ ബാറ്റ് കൊണ്ട് ഞെട്ടിച്ച് ഇന്ത്യന്‍ സ്പിന്നര്‍, അവിശ്വസനീയം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഏറെ നാളായി പുറത്തായ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ രഞ്ജി ട്രോഫിയില്‍ ബാറ്റുകൊണ്ട് കളം നിറയ്ക്കുകയാണ്. പന്തെറിയാന്‍ മാത്രമറിയുന്ന താരം എന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയെന്നോണം മികച്ച ബാറ്റിംഗ് പ്രകടനമാണ് ചഹല്‍ രഞ്ജിയില്‍ ഹരിയാനയ്ക്കായി കാഴ്ചവയ്ക്കുന്നത്.
രഞ്ജി രണ്ടാം റൗണ്ട് മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെ 152 പന്ത് പ്രതിരോധി നിന്ന് 48 റണ്‍സെടുത്താണ് ചഹല്‍ ആദ്യം ഞെട്ടിച്ചത്. ആറ് ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു ചഹല്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. ചഹലിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറും ഇതായി മാറി.
കഴിഞ്ഞില്ല ചഹലിന്റെ അത്ഭുതങ്ങള്‍. തൊട്ടടുത്ത മത്സരത്തില്‍ മധ്യപ്രദേശിനെതിരെ 142 പന്തില്‍ നിന്ന് 27 റണ്‍സുമാണ് ചഹല്‍ നേടിയത്. സ്പിന്നര്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ചഹല്‍ ബാറ്റിംഗിലും തിളങ്ങുന്നത് ആരാധകരേയും ക്രിക്കറ്റ് ലോകത്തേയും അമ്പരപ്പിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സില്‍ ചഹലിന്റെ സഹതാരമായ ജോറൂട്ട് വരെ ചഹലിന്റെ ബാറ്റിംഗ പ്രകടനത്തില്‍ അത്ഭുതം കൂറുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ചഹല്‍ രഞ്ജിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് താരം. ഈ പ്രകടനം ചഹലിന് ടീമിലേക്കുള്ള വഴി തുറന്നു നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാറ്റിംഗിലെ മികവ് ചഹലിനെ കൂടുതല്‍ മൂല്യമുള്ള ഒരു താരമാക്കി മാറ്റും.