ലാസ്റ്റ് ബോള്‍ ത്രില്ലര്‍, തകര്‍പ്പന്‍ അട്ടിമറിയുമായി സിംബാബ് വെ
അഫ്ഗാനെതിരെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവസാന പന്തില്‍ ജയം സ്വന്തമാക്കി സിംബാബ് വെ. ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ ബുധനാഴ്ച നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലാണ് ടി20യിലെ പുതിയ കരുത്തരെ സിംബാബ് വെ അട്ടിമറിച്ചത്. നാല് വിക്കറ്റിനാണ് സിംബാബ് വെയുടെ തകര്‍പ്പന്‍ ജയം.
അവസാന ഓവറില്‍ സിംബാബ് വെയ്ക്ക് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ ബാറ്റ് ചെയ്ത താഷിംഗ മുസേക്കിവ 11 റണ്‍സ് നേടിയപ്പോള്‍ സിംബാബ്വെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 145 എന്ന ലക്ഷ്യത്തെ മറികടന്നു. 49 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റും 32 റണ്‍സ് നേടിയ ഡിയോണ്‍ മൈയേഴ്‌സും തമ്മിലുള്ള 75 റണ്‍സ് കൂട്ടുകെട്ട് സ്വന്തം കാണികള്‍ക്ക് മുന്നില്‍ സിംബാബ് വെ വിജയത്തില്‍ നിര്‍ണ്ണായകമായി.
അഫ്ഗാനായി നവീന്‍-ഉല്‍-ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനായി കരീം ജന്നത്ത്, മുഹമ്മദ് നബി എന്നിവര്‍ തമ്മിലുള്ള 79 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് അവരെ 144 റണ്‍സ് എന്ന നിലയിലെത്തിച്ചത്. ജന്നത്ത് 54 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിംബാബ്വെയുടെ റിച്ചാര്‍ഡ് നഗറവ തന്റെ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.
പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച ഹരാരെയില്‍ തന്നെ നടക്കും.