കോപ്പ അമേരിക്ക അർജന്റൈൻ പരിശീലകർ ഭരിക്കുന്നു, ഇത് സമാനതകളില്ലാത്ത ചരിത്രം
കോപ്പ അമേരിക്ക ടൂർണമെന്റിലെ അവസാനത്തെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ഇന്ന് രാവിലെ പൂർത്തിയായി. ബ്രസീലും കൊളംബിയയും തമ്മിൽ നടന്ന വളരെ ആവേശകരമായ മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായി കൊളംബിയയും രണ്ടാം സ്ഥാനക്കാരായി ബ്രസീലും ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
ഗ്രൂപ്പിൽ ബ്രസീലിനെ മറികടന്ന് കൊളംബിയ ഒന്നാം സ്ഥാനക്കാരായതോടെ ഒരു ചരിത്രനേട്ടവും പിറന്നു. കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തു വന്ന ടീമുകളുടെ പരിശീലകരെല്ലാം അർജന്റീനയിൽ നിന്നുള്ളവരാണ്. ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ടീമുകളുടെ പരിശീലകരെല്ലാം ഒരേ രാജ്യത്തു നിന്നുള്ളവരാകുന്നത്.
അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി, യുറുഗ്വായ് പരിശീലകനായ മാഴ്‌സലോ ബിയൽസ, വെനസ്വല പരിശീലകനായ ഫെർണാണ്ടോ ബാറ്റിസ്റ്റ, കൊളംബിയ പരിശീലകൻ നെസ്റ്റർ ലോറെൻസോ എന്നിവരാണ് തങ്ങളുടെ ടീമുകളെ ഒന്നാം സ്ഥാനത്തെത്തിച്ചത്. അതിൽ ആദ്യത്തെ മൂന്നു പരിശീലകരും ഗ്രൂപ്പിലെ എല്ലാ മത്സരവും വിജയിക്കുകയും ചെയ്‌തു.
ലാറ്റിനമേരിക്കയിലെ പരിശീലകരുടെ ഫാക്റ്ററി ആണ് തങ്ങളെന്ന് അർജന്റീന ഇതോടെ തെളിയിച്ചു കഴിഞ്ഞു. ബ്രസീലിനെതിരെ സമനില നേടിയതോടെ കിരീടത്തിനുള്ള പോരാട്ടത്തിന് തങ്ങളുണ്ടെന്ന് കൊളംബിയ പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്രസീലിനെ സംബന്ധിച്ച് ഇനി കടുപ്പമേറിയ മത്സരങ്ങളാണ് അടുത്ത ഘട്ടങ്ങളിൽ കാത്തിരിക്കുന്നത്.