ആ കണക്കിലും ഇനി മെസ്സി തന്നെ ഒന്നാമൻ; ബഹുദൂരം പിന്നിലായി റൊണാൾഡോയും, നെയ്മറും
ലോക ഫുട്ബോൾ ചാമ്പ്യന്മാരായ അർജന്റീന ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ 1-0 ന് വിജയിച്ചു. ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ ആൽബെർട്ടോ ജോസ് അർമാൻഡോയിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് ലൗട്ടാരോ മാർട്ടിനസ് ആണ് വിജയഗോൾ നേടിയത്. ഇതോടെ ഈ വർഷത്തെ അർജന്റീനയുടെ മത്സരങ്ങൾ വിജയകരമായി അവസാനിച്ചു.
മെസ്സിക്ക് മറ്റൊരു റെക്കോർഡ് കൂടി
55-ാം മിനിറ്റിലാണ് മാർട്ടിനസ് ഗോൾ നേടിയത്. ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയാണ് തുടക്കം മുതൽ കളിച്ചത്. കടുത്ത മാർക്കിങ്ങിനിടയിലും വിജയഗോളിനായി സുന്ദരമായ അസിസ്റ് നൽകിയ ലയണൽ മെസ്സി മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി.. ലൗട്ടാരോ മാർട്ടിനസിനു വേണ്ടി നൽകിയ അസിസ്റ്റോടെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോർഡിൽ അദ്ദേഹം യുഎസ്എയുടെ ലാൻഡൻ ഡൊണോവനൊപ്പം ഒപ്പമെത്തി (58). 57 അസിസ്റ്റുകളുമായി ബ്രസീൽ സൂപ്പർതാരം നെയ്മറാണ് പട്ടികയിൽ മൂന്നാമത്..
ലൗട്ടാരോ മാർട്ടിനസ് ഡീഗോ മറഡോണയ്ക്ക് ഒപ്പം
അർജന്റീനൻ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനസ് 2024ൽ സ്വപ്ന ഫോം തുടരുകയാണ്. 2022 ഫിഫ ലോകകപ്പിൽ പരാജയമായി വിലയിരുത്തപ്പെട്ട താരം, 2024-ൽ ലയണൽ മെസ്സിക്കൊപ്പം അർജന്റീനയുടെ പ്രധാന ഗോൾ സ്‌കോററായി മാറി. കോപ്പ അമേരിക്ക 2024 ഫൈനലിൽ അർജന്റീനയുടെ വിജയഗോൾ നേടിയത് മാർട്ടിനസ് ആയിരുന്നു. പെറുവിനെതിരായ വിജയഗോളോടെ അർജന്റീനയ്ക്കായി 32 ഗോളുകൾ നേടിയ മാർട്ടിനസ്, ഗോൾ കണക്കിൽ ഇതിഹാസ താരം ഡീഗോ മറഡോണയ്‌ക്കൊപ്പം അഞ്ചാം സ്ഥാനത്തെത്തി.
വിജയം കോൺമെബോൾ ലോകകപ്പ് യോഗ്യതാ പട്ടികയിൽ 25 പോയിന്റുമായി അർജന്റീനയുടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ഉറുഗ്വായേക്കാൾ അഞ്ച് പോയിന്റ് മുന്നിലാണ് നിലവിൽ അർജന്റീന. 2025 മാർച്ചിൽ ഉറുഗ്വായ്‌ക്കെതിരായ പോരാട്ടത്തോടെ മെസ്സിയും കൂട്ടരും യോഗ്യതാ കാമ്പെയ്‌ൻ പുനരാരംഭിക്കും.