കഴിഞ്ഞ വര്‍ഷത്തെ ഫിഫ പരിശീലകരാവാന്‍ ആരൊക്കെ; അന്തിമ പട്ടികയില്‍നിന്ന് സൂപ്പര്‍കോച്ച് പുറത്ത്
ലണ്ടന്‍: പോയവര്‍ഷത്തെ ഫിഫയുടെ മികച്ച പരിശീലകരുടെ പട്ടിക പുറത്ത്. ഖത്തര്‍ ലോകകപ്പ് പശ്ചാത്തലത്തില്‍ വളരെ പ്രാധാന്യമാണ് ഇത്തവണയുള്ളത്. അര്‍ജന്റീനക്ക് ലോകകിരീടം നേടികൊടുത്ത ലയണല്‍ സ്‌കലോണി, റയല്‍മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലെത്തിച്ച കാര്‍ലോ അഞ്ചലോട്ടി, മാഞ്ചസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ചാമ്പ്യന്‍മാരാക്കിയ പെപെ ഗ്വാര്‍ഡിയോള എന്നിവര്‍ അവസാന റൗണ്ടിലെത്തി. അതേസമയം, ഖത്തറിലെ കറുത്തകുതിരകളായ മൊറോക്കോ ടീമിനെ പരിശീലിപ്പിച്ച വാലിദ് റെഗ്രഗുയിക്ക് അന്തിമ റൗണ്ടില്‍ ഇടംപിടിക്കാനായില്ല. ആദ്യമായൊരു ആഫ്രിക്കന്‍ ടീം ലോകകപ്പിന്റെ സെമിയിലെത്തുകയെന്ന ചരിത്രപരമായ നേട്ടത്തിലേക്ക് മൊറോക്കോയെ എത്തിക്കുന്നതില്‍ ഈ പരിശീലകന്‍ വലിയപങ്കാണ് വഹിച്ചത്. വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് അന്തിമ മൂന്നംഗ സംഘത്തെ നിശ്ചയിച്ചത്.
ദേശീയ ടീം പരിശീലകരും നായകരും തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളും ആരാധകരും ഓണ്‍ലൈനിലൂടെയാണ് വോട്ട് രേഖപ്പെടുത്തിയത്. 36വര്‍ഷത്തിന് ശേഷം അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിക്കുകവഴി ടീമിന്റെ എക്കാലത്തേയും മികച്ച പരിശീലകനാകാന്‍ ചുരുങ്ങിയകാലംകൊണ്ട് സ്‌കലോണിക്ക് കഴിഞ്ഞു. ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതും അര്‍ജന്റീനന്‍കോച്ചിനാണ്. ലയണല്‍മെസിയെ മുന്‍നിര്‍ത്തിയുള്ള ആക്രമങ്ങളിലൂടെ ഏതുടീമിനേയും മറികടക്കാനുള്ള സംഘമായി ലാറ്റിനമേരിക്കന്‍ ടീമിനെ അദ്ദേഹം മാറ്റിയെടുത്തു.
ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യമത്സരത്തില്‍ തോല്‍വിയേറ്റുവാങ്ങിയെങ്കിലും പിന്നീടുള്ള തിരിച്ചുവരവാണ് സ്‌കലോണിയെ ശ്രദ്ധേയനാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിന് പുറമെ ബാഴ്‌സലോണയേയും അത്‌ലറ്റിക്കോയേയുമെല്ലാം മറികടന്ന് സ്പാനിഷ് ലാലീഗ കിരീടം റയലിലെത്തിച്ചതും അഞ്ചലോട്ടിക്ക് നേട്ടമായി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് പിന്നില്‍ കോച്ച് പെപെ ഗ്വാര്‍ഡിയോളയുടെ കൃത്യമായ നീക്കങ്ങളായിരുന്നു.
2010ല്‍ ഫിഫ പരിശീലക പുരസ്‌കാരം ഏര്‍പ്പെടുത്തിയതുമുതല്‍ ആഫ്രിക്കയില്‍ നിന്നുള്ള പരിശീലകരാരും അന്തിമപട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. ഈമാസം 27ന് അന്തിമ പട്ടിക പ്രഖ്യാപിക്കും. 2014,2018 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ടീമുകളുടെ പരിശീലകരാണ് നേട്ടം കൈവരിച്ചത്. 2014ല്‍ ജര്‍മ്മനിയുടെ ജോക്കിം ലോയും 2018ല്‍ ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാപ്‌സുമാണ് പുരസ്‌കാരം സ്വന്തമാക്കിയത്.