ഉറച്ച പ്രതിരോധവും ഉരുക്കുകോട്ടയായി എമി മാർട്ടിനസും, കോപ്പ അമേരിക്കയിൽ ഗോൾ വഴങ്ങാതെ ഒരേയൊരു ടീമായി അർജന്റീന
കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ പരിസമാപ്‌തിയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ഇനി നാളെയും മറ്റന്നാളുമായി നടക്കുന്ന മത്സരങ്ങൾ പൂർത്തിയായാൽ ഗ്രൂപ്പിലെ മത്സരങ്ങൾ പൂർണമാകും. അതിനു ശേഷം ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. അർജന്റീന, കാനഡ, ഇക്വഡോർ, വെനസ്വല, യുറുഗ്വായ്, കൊളംബിയ എന്നീ ടീമുകൾ നിലവിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ സന്തുലിതമായ പ്രകടനം നടത്തിയ ടീമുകളിലൊന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തന്നെയാണ്. ആക്രമണത്തിലും പ്രതിരോധത്തിലും അവർ ഒരുപോലെ മികവ് കാണിച്ചിട്ടുണ്ട്. മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടിയ ടീം ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഒരേയൊരു ടീം കൂടിയാണ്.
പ്രതിരോധവും ഗോൾകീപ്പറും മധ്യനിരയും ഒരുപോലെ മികച്ച പ്രകടനം നടത്തുന്നതാണ് അർജന്റീന വലകുലുക്കാൻ എതിരാളികൾക്ക് കഴിയാത്തതിന്റെ പ്രധാന കാരണം. മൂന്നു മത്സരങ്ങളിൽ പ്രതിരോധനിരയെ മാറ്റിയിട്ടും അതിനു ഇളക്കം തട്ടിയിട്ടില്ല. അവസാന മത്സരത്തിൽ സെന്റർ ബാക്കുകളെ പൂർണമായും മാറ്റിയിട്ടും അർജന്റീന ഗോൾ വഴങ്ങിയില്ലെന്നത് അവരുടെ മികവിനെ എടുത്തു കാണിക്കുന്നു.
അർജന്റീനക്ക് വേണ്ടി കളിക്കുമ്പോൾ ഇരട്ടി കരുത്ത് കാണിക്കുന്ന എമിലിയാനോ മാർട്ടിനസും എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന മധ്യനിരയും അർജന്റീനയുടെ കരുത്താണ്. ഇതേ പ്രകടനം ക്വാർട്ടർ ഫൈനലിലും തുടരാമെന്ന പ്രതീക്ഷയിലാണ് അർജന്റീന. അർജന്റീനയെ അപേക്ഷിച്ച് കരുത്ത് കുറഞ്ഞ ടീമുകളാണ് ക്വാർട്ടർ ഫൈനലിലും അവിടെ നിന്നും മുന്നേറിയാൽ സെമിയിലും ഉണ്ടാവുക.