അർജൻറീനക്ക് ഫൈനൽ വരെ മുന്നേറാനെളുപ്പമാണ്, എതിരാളികൾ ആരാകുമെന്ന് തീരുമാനമായി
കോപ്പ അമേരിക്കയിൽ ഇന്ന് പുലർച്ചെ ഗ്രൂപ്പ് ബിയിലെ അവസാനത്തെ റൌണ്ട് മത്സരങ്ങൾ പൂർത്തിയായി. ജമൈക്കയെ എതിരില്ലാതെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും വിജയിച്ച് വെനസ്വല ഒന്നാം സ്ഥാനത്തു വന്നു. നിർണായകമായ മത്സരത്തിൽ ഇക്വഡോറും മെക്‌സിക്കോയും സമനിലയിൽ പിരിഞ്ഞതോടെ ഗോൾ വ്യത്യാസത്തിൽ ഇക്വഡോർ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് മുന്നേറി.
ഇതോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായ അർജന്റീനക്ക് ക്വാർട്ടർ ഫൈനലിലെ എതിരാളികൾ ഇക്വഡോർ ആയിരിക്കും. ഒരു വർഷത്തിനിടെ ഇക്വഡോറിനെതിരെ രണ്ടു തവണ മത്സരിച്ചപ്പോഴും വിജയം നേടിയത് അർജന്റീനക്ക് മുൻതൂക്കം നൽകുന്നു. എന്നാൽ ആ വിജയമെല്ലാം ഒരു ഗോളിനായിരുന്നു എന്നത് മത്സരം എളുപ്പമാകില്ലെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
ഇക്വഡോറിനെതിരെ വിജയിച്ചാൽ അർജന്റീനക്ക് സെമിയിൽ എതിരാളികൾ വെനസ്വല, കാനഡ എന്നിവരിൽ ഒരാളായിരിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരവും വിജയിച്ച് മികച്ച ഫോമിലുള്ള വെനസ്വല അർജന്റീനക്ക് ഭീഷണിയാകാനുള്ള സാധ്യതയുണ്ട്. അർജന്റീനയിൽ നിന്നുള്ള ബാറ്റിസ്റ്റ പരിശീലിപ്പിക്കുന്ന വെനസ്വലയെ അർജന്റീന നേരിട്ടിട്ടും കുറച്ചു കാലമായിരിക്കുന്നു.
കടലാസിലെ കരുത്ത് പരിഗണിക്കുമ്പോൾ അർജന്റീനക്ക് ഈ മത്സരങ്ങൾ എളുപ്പമാണ്. എന്നാൽ ലാറ്റിനമേരിക്കൻ ടീമുകൾ എപ്പോൾ വേണമെങ്കിലും ഒരു അട്ടിമറി നൽകാൻ കരുത്തുള്ളവരാണ്. അതുകൊണ്ടു തന്നെ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഫൈനൽ വരെ എക്‌സ്ട്രാ ടൈം ഉണ്ടാകില്ലെന്നതിനാൽ തൊണ്ണൂറു മിനുട്ടിനുള്ളിൽ തന്നെ വിജയം നേടുകയെന്ന കടമ്പയും ടീമുകൾക്ക് മുന്നിലുണ്ട്.