പിഴവുകൾ തിരുത്താൻ കഠിനാധ്വാനം, മെസിയും അർജന്റീനയും സെമി ഫൈനലിന് തയ്യാറെടുക്കുന്നു
കോപ്പ അമേരിക്കയുടെ സെമി ഫൈനൽ വരെ എത്തിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ പ്രകടനത്തിൽ ആരാധകർക്ക് ആത്മവിശ്വാസം വന്നിട്ടില്ല. ഇക്വഡോറിനെതിരെ അർജന്റീന വളരെയധികം പതറിയിരുന്നു. ഒരു ഘട്ടത്തിൽ തോൽവിയെ തുറിച്ചു നോക്കിയ അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനസിന്റെ മികവിലാണ് വിജയിച്ചത്.
കഴിഞ്ഞ മത്സരത്തിലെ ടീമിന്റെ പ്രകടനം അർജന്റീന കോച്ചിങ് സ്റ്റാഫുകൾ കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ട്. ആ മത്സരത്തിന് ശേഷം പുലർച്ചെ നാല് മണി വരെ വീഡിയോ ദൃശ്യങ്ങൾ അർജന്റീന കോച്ചിങ് സ്റ്റാഫുകൾ വിശകലനം ചെയ്‌തിരുന്നു. എവിടെയൊക്കെയാണ് പിഴവുകളെന്ന് മനസിലാക്കി അത് തിരുത്താൻ വേണ്ടിയുള്ള ശ്രമം അപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്.
പരിക്കിൽ നിന്നും മുക്തനായിട്ടില്ലെന്ന് ആരാധകർക്ക് തോന്നുന്ന രീതിയിലായിരുന്നു കഴിഞ്ഞ മത്സരത്തിലെ ലയണൽ മെസിയുടെ പ്രകടനം. വളരെ മോശം പ്രകടനം നടത്തിയ താരം ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്‌തു. എന്നാൽ ആ അടുത്ത മത്സരത്തിനായി ലയണൽ മെസി ഏറ്റവും മികച്ച രീതിയിൽ ഒരുങ്ങിയെന്നും ഫിറ്റ്നസ് വീണ്ടെടുത്തുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
സെമി ഫൈനലിൽ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട കാനഡയാണ് എതിരാളികൾ. കാനഡക്കെതിരെ നടന്ന ആദ്യത്തെ മത്സരത്തിൽ അർജന്റീന രണ്ടു ഗോളുകളുടെ വിജയം നേടിയിരുന്നു. എന്നാൽ സെമി ഫൈനലിൽ അവർ കൂടുതൽ വെല്ലുവിളി ഉയർത്തുമെന്നത് തീർച്ചയാണ്. മികച്ച പ്രകടനം നടത്താനായാൽ ഒരിക്കൽക്കൂടി അർജന്റീനക്ക് ഫൈനൽ കളിക്കാനാകും.