കഴിഞ്ഞ കോപ്പ അമേരിക്കയിൽ സംഭവിച്ചത് കൊളംബിയ മറക്കില്ല, പ്രതികാരം അവരുടെ ലക്ഷ്യമാണ്
അർജന്റീനയും കൊളംബിയയും തമ്മിൽ കോപ്പ അമേരിക്ക ഫൈനലിൽ ഏറ്റുമുട്ടാനിരിക്കുമ്പോൾ ആരാധകർ വളരെയധികം ആവേശത്തിലാണ്. ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമായ കൊളംബിയയും കഴിഞ്ഞ കോപ്പ അമേരിക്ക അടക്കം തുടർച്ചയായി മൂന്നു കിരീടങ്ങൾ നേടിയ അർജന്റീനയും തമ്മിലുള്ള മത്സരം ആവേശകരമായിരിക്കും എന്നുറപ്പാണ്.
അർജന്റീനയോട് ഏറ്റുമുട്ടുമ്പോൾ കഴിഞ്ഞ കോപ്പ അമേരിക്ക സെമി ഫൈനലിൽ സംഭവിച്ചതിനു പ്രതികാരം കൊളംബിയയുടെ മനസ്സിൽ ഉണ്ടാകുമെന്നുറപ്പാണ്. അന്നത്തെ മത്സരത്തിൽ എമിലിയാനോ മാർട്ടിനസിന്റെ മികവിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയിച്ചത്. ഫൈനലിലേക്ക് മുന്നേറിയ അർജന്റീന ബ്രസീലിനെ കീഴടക്കി കിരീടവും സ്വന്തമാക്കി.
ആ മത്സരത്തിൽ അർജന്റീന താരങ്ങൾ കൊളംബിയൻ താരങ്ങളെ പ്രകോപിതരാക്കിയിരുന്നു. യേറി മിന പെനാൽറ്റി പാഴാക്കിയപ്പോൾ 'ഇനി ഡാൻസ് കളിക്ക്' എന്നു പറഞ്ഞ് മെസി നടത്തിയ ആക്രോശവും ഷൂട്ടൗട്ട് വിജയം നേടിയതിനു ശേഷം എമിലിയാനോ മാർട്ടിനസ് നടത്തിയ ഡാൻസും അവർ മറന്നിട്ടുണ്ടാകില്ല. അതിനുള്ള പ്രതികാരം ഈ ഫൈനലിൽ അവരുടെ ലക്ഷ്യമാണ്.
കഴിഞ്ഞ കോപ്പ അമേരിക്കയിൽ നിന്നും വിഭിന്നമായി കൂടുതൽ കരുത്തോടെയാണ് കൊളംബിയ ഫൈനലിൽ ഇറങ്ങുന്നത്. നായകൻ ഹമെസ് റോഡ്രിഗസിന്റെ മികവിൽ ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിലാണ് കൊളംബിയ കളിക്കുന്നത്. ബ്രസീൽ, യുറുഗ്വായ് തുടങ്ങിയവരെ കീഴടക്കി ഫൈനലിൽ എത്തിയ കൊളംബിയ അർജന്റീനക്കൊരു വെല്ലുവിളി തന്നെയാണ്.