അവിശ്വനീയം ഈ തിരിച്ചുവരവ്, എട്ടു മിനുട്ടിൽ മൂന്നു ഗോൾ നേടി ബാഴ്‌സയുടെ വിജയം
സെൽറ്റ വിഗോക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിൽ അവിശ്വസനീയമായ രീതിയിൽ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. എൺപതാം മിനുട്ട് വരെയും രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന ബാഴ്‌സലോണ അതിനു ശേഷം ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകളുടെ മികവിൽ എട്ടു മിനുറ്റിനിടെ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം നേടിയത്. ഇതോടെ ലീഗിലെ അപരാജിത കുതിപ്പ് തുടരാൻ ബാഴ്‌സലോണക്ക് കഴിഞ്ഞു.
മത്സരത്തിന്റെ പത്തൊൻപതാം മിനുട്ടിൽ തന്നെ സെൽറ്റ മുന്നിലെത്തിയിരുന്നു. മുപ്പത്തിയാറാം മിനുട്ടിൽ പരിക്കേറ്റു ഫ്രാങ്കി ഡി ജോംഗ് പുറത്തു പോയത് ബാഴ്‌സലോണയെ ബാധിച്ചു. ആദ്യപകുതിയിൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ പകരക്കാരെ ഇറക്കി മത്സരം തിരിച്ചു പിടിക്കാൻ ബാഴ്‌സലോണ ശ്രമിച്ചെങ്കിലും എഴുപത്തിയാറാം മിനുട്ടിൽ മറ്റൊരു ഗോൾ നേടി സെൽറ്റ ബാഴ്‌സയെ ഞെട്ടിച്ചു.
രണ്ടു ഗോൾ നേടിയതോടെ അത്ര നേരം സെൽറ്റയുടെ കപ്പിത്താനായിരുന്ന അസ്‌പാസിനെ പരിശീലകൻ പിൻവലിച്ചത് മത്സരത്തിൽ നിർണായകമായി. അതിനു പുറമെ റാഫിന്യയുടെ വിങ്ങിൽ നിന്നും മധ്യനിരയിലേക്കുള്ള മുന്നേറ്റങ്ങളും ബാഴ്‌സലോണയ്ക്ക് അവസരങ്ങൾ തുറന്നു നൽകി. അങ്ങിനെ എൺപത്തിയൊന്നാം മിനുട്ടിൽ ഫെലിക്‌സിന്റെ പാസിൽ നിന്നും ലെവൻഡോസ്‌കി ആദ്യത്തെ ഗോൾ നേടി.
രണ്ടാമത്തെ ഗോൾ നാല് മിനിറ്റിനകം വന്നു. ജോവോ കാൻസലോ ബോക്‌സിലേക്ക് നൽകിയ പന്ത് യാതൊരു പിഴവും കൂടാതെ ലെവൻഡോസ്‌കി വലയിലെത്തിക്കുകയായിരുന്നു. വീണ്ടും നാല് മിനുട്ടിനു ശേഷം ബാഴ്‌സലോണ വിജയഗോളും നേടി. ഗാവി ബോക്‌സിലേക്ക് നൽകിയ മനോഹരമായ ബോൾ ജോവോ കാൻസലോയാണ് വലയിലേക്ക് തിരിച്ചു വിട്ടത്.
മത്സരത്തിൽ വിജയം നേടിയതോടെ അപരാജിത കുതിപ്പ് തുടരുന്ന ബാഴ്‌സലോണ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ആറു മത്സരങ്ങളിൽ അഞ്ചു ജയവും ഒരു സമനിലയുമാണ് ബാഴ്‌സലോണ നേടിയത്. അതേസമയം ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡ് അടുത്ത മത്സരത്തിൽ വിജയം നേടിയാൽ ബാഴ്‌സലോണയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് മുന്നേറും