മെസി പോയതിനു ശേഷം ആദ്യ ഫ്രീകിക്ക് ഗോൾ നേടി ബാഴ്‌സലോണ, വിജയം അഞ്ചു ഗോളുകൾക്ക്
ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം ആദ്യമായി ഫ്രീകിക്ക് ഗോൾ നേടി ബാഴ്‌സലോണ. ഇന്നലെ റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ സ്‌പാനിഷ് താരം ഫെറൻ ടോറസാണ് ബാഴ്‌സലോണക്കായി ഫ്രീകിക്കിൽ നിന്നും ഗോൾ നേടിയത്. ബാഴ്‌സലോണ സ്വന്തം മൈതാനത്ത് സമ്പൂർണമായ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ടീമിന്റെ വിജയം.
ലയണൽ മെസി ക്ലബ് വിടുന്നതിനു മുൻപ് 2021ലാണ് ബാഴ്‌സലോണ ഇതിനു മുൻപ് ഫ്രീകിക്ക് ഗോൾ നേടുന്നത്. അതിനു ശേഷം ഇതുവരെ നിരവധി താരങ്ങൾ ബാഴ്‌സലോണക്കായി ഫ്രീകിക്കുകൾ എടുത്തിട്ടുണ്ടെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. മെസി അനായാസം ഫ്രീകിക്ക് ഗോളുകൾ അടിച്ചു കൂട്ടുമ്പോൾ ഇക്കാര്യം ചർച്ചയാവുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തോടെ അതിനു പരിഹാരമായി.
ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്‌സലോണ നിറഞ്ഞാടുകയായിരുന്നു. പെഡ്രി, അറോഹോ തുടങ്ങിയ താരങ്ങൾ പുറത്തിരുന്നിട്ടും ഗംഭീര പ്രകടനമാണ് ബാഴ്‌സലോണ നടത്തിയത്. പുതിയതായി ലോണിൽ ടീമിലേക്ക് വന്ന പോർച്ചുഗൽ താരങ്ങളായ ജോവോ ഫെലിക്‌സ്, ജോവോ കാൻസലോ എന്നിവർ ഗോൾ നേടിയപ്പോൾ റാഫിന്യ, ലെവൻഡോസ്‌കി തുടങ്ങിയവർ മറ്റു ഗോളുകൾ സ്വന്തമാക്കി. ലെവൻഡോസ്‌കി രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു.
വിജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്നും പതിമൂന്നു പോയിന്റുമായി ബാഴ്‌സലോണ ലീഗിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ ഒരു മത്സരം കുറച്ച് കളിച്ച റയൽ മാഡ്രിഡിന് ബാഴ്‌സലോണയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമുണ്ട്. ഇന്നലത്തെ മത്സരത്തിലെ വിജയത്തോടെ ഈ സീസണിൽ മുന്നേറ്റമുണ്ടാക്കാനും ചാമ്പ്യൻസ് ലീഗ് അടക്കമുള്ളവക്കായി പൊരുതാനും ശേഷിയുണ്ടെന്ന് ബാഴ്‌സലോണ തെളിയിച്ചു.