ചതിച്ചത് അർജന്റൈൻ റഫറി തന്നെ, തെറ്റു പറ്റിയെന്നു സമ്മതിച്ച് കോൺമെബോൾ
ബ്രസീലും കൊളംബിയയും തമ്മിൽ നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയറിനെതിരെ നടന്ന ഫൗൾ പെനാൽറ്റി അനുവദിക്കാതിരുന്നത് തെറ്റായ തീരുമാനമാണെന്നു സമ്മതിച്ച് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമെബോൾ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബ്രസീലിനു വിജയം സമ്മാനിക്കേണ്ടിയിരുന്ന പെനാൽറ്റിയാണ് ആ തീരുമാനത്തിൽ ഇല്ലാതായത്.
മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു ഫൗൾ നടന്നത്, ഫൗൾ വീഡിയോ പരിശോധന നടത്തിയെങ്കിലും അത് പെനാൽട്ടിയല്ലെന്നാണ് വിധിയെഴുതിയത്. എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ അതൊരു കറക്റ്റ് ഫൗൾ തന്നെയാണെന്ന് വ്യക്തമായിരുന്നു. ബ്രസീൽ പരിശീലകനടക്കം പലരും റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് മത്സരത്തിന് ശേഷം രംഗത്തെത്തുകയും ചെയ്‌തു.
മത്സരത്തിൽ വീഡിയോ അസിസ്റ്റന്റ് റൂമിനെ ലീഡ് ചെയ്‌തിരുന്നത് അർജന്റൈൻ റഫറി ആയിരുന്നു. ഇത് ഈ വിവാദത്തിനു പുതിയ മാനം നൽകിയിട്ടുണ്ട്. ബ്രസീലിനെ തോൽപ്പിക്കാൻ അർജന്റൈൻ റഫറി മനഃപൂർവം ആ ഗോൾ അനുവദിക്കില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതല്ലെങ്കിൽ ഇത്രയും കൃത്യമായ ഒരു ഫൗൾ എങ്ങിനെയാണ് കാണാതിരിക്കുകയെന്നും അവർ ചോദിക്കുന്നു.
എന്തായാലും ആ പെനാൽറ്റി നൽകാതിരുന്നത് ബ്രസീലിന്റെ വിജയത്തെ ഇല്ലാതാക്കി. അതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പിൽ രണ്ടാമതായി എന്നതിനാൽ ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമായ യുറുഗ്വായെ ബ്രസീലിനു നേരിടണം. ആ പെനാൽറ്റി അനുവദിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മാറിമറിഞ്ഞേനെ.