പെനാൽറ്റി ഷൂട്ടൗട്ടിലെ ചീറ്റ് കോഡ്, ഇന്ന് മെസിക്കും മുകളിലാണ് എമിലിയാനോ മാർട്ടിനസ്
വീണ്ടുമൊരിക്കൽ കൂടി അർജന്റീന ആരാധകരുടെ ഹീറോയായി എമിലിയാനോ മാർട്ടിനസ് മാറുന്ന കാഴ്‌ചയാണ് ഇന്ന് കോപ്പ അമേരിക്കയിൽ കണ്ടത്. ലോകചാമ്പ്യന്മാർ മോശം പ്രകടനം നടത്തിയ മത്സരത്തിൽ ലയണൽ മെസി ഷൂട്ടൗട്ടിൽ പെനാൽറ്റി പാഴാക്കുക കൂടി ചെയ്‌തപ്പോൾ ടൂർണമെന്റിൽ നിന്നും ടീം നേരത്തെ പുറത്തു പോകുമെന്നാണ് ഏവരും കരുതിയതെങ്കിലും എമി അതിനൊരുക്കമല്ലായിരുന്നു.
ലയണൽ മെസി പെനാൽറ്റി പാഴാക്കിയതിനു പിന്നാലെ രണ്ടു സേവുകൾ നടത്തിയ എമിലിയാനോ മാർട്ടിനസ് അർജന്റീനയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. മറ്റുള്ള അർജന്റീനാ താരങ്ങളെല്ലാം പെനാൽറ്റി ഗോളാക്കി മാറ്റിയപ്പോൾ 4-2 എന്ന സ്കോറിനാണ് അർജന്റീന വിജയം നേടിയത്. എന്നാൽ ടൂർണമെന്റിൽ മുന്നേറാൻ അർജന്റീനക്ക് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് വ്യക്തമാണ്.
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 5, 2024
അർജന്റീനയുടെ വിജയത്തിന് പിന്നിൽ എമിലിയാനോ മാർട്ടിനസ് ഒരു നിർണായ സാന്നിധ്യമാണെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടു. 2021 കോപ്പ അമേരിക്ക, 2022 ലോകകപ്പ് എന്നിവയിലെല്ലാം അർജന്റീനയെ രക്ഷിച്ച എമിലിയാനോ ഒരിക്കൽക്കൂടി നിരാശയിലേക്ക് പോകുമായിരുന്ന ടീമിനെ ഉയർത്തെഴുന്നേൽപ്പിച്ച് ആത്മവിശ്വാസം നൽകുന്നതാണ് കണ്ടത്.
അർജന്റീന ആരാധകരെ സംബന്ധിച്ച് മെസിക്കൊപ്പമാണ് എമിലിയാനോ മാർട്ടിനസിന്റെ സ്ഥാനം. ഇന്നത്തെ മത്സരത്തോടെ അത് മെസിക്കും മുകളിലായെന്ന് പറഞ്ഞാൽ തെറ്റൊന്നുമില്ല. അത്രയും മികച്ച പ്രകടനമാണ് താരം ടീമിനൊപ്പം നടത്തുന്നത്. ഇനിയുള്ള മത്സരങ്ങളിൽ അർജന്റീനക്ക് കൂടുതൽ മികച്ച പ്രകടനം നടത്താൻ ഇന്നത്തെ കളി സഹായിക്കുമെന്നതിൽ സംശയമില്ല.