നാട്ടിലേക്ക് മടങ്ങാനൊരുക്കമല്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു, ഇത് കോൺഫിഡൻസിന്റെ മറ്റൊരു രൂപം
ഒരിക്കൽക്കൂടി അർജന്റീനയുടെ ഹീറോയായി എമിലിയാണോ മാർട്ടിനസ് മാറിയ ദിവസമായിരുന്നു ഇന്നത്തേത്. അർജന്റീനയുടെ തിളക്കം വറ്റിയ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയും ടീമിന്റെ നായകനായ ലയണൽ മെസി പെനാൽറ്റി നഷ്‌ടപ്പെടുത്തുകയും ചെയ്‌തപ്പോൾ ടീമിലെ സഹതാരങ്ങളുടെ കോൺഫിഡൻസ് വർധിപ്പിച്ച് വിജയം നേടാൻ അയാൾ നടത്തിയ രണ്ടു പെനാൽറ്റി സേവുകൾ നിർണായകമായിരുന്നു.
ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ് എമിലിയാനോ മാർട്ടിനസ്. തന്റെ കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള താരം അത് കൃത്യമായി ഉപയോഗിക്കുന്നു. ഒരു ഘട്ടത്തിൽ പോലും താരം അടി പതറുന്നില്ല. ഇന്നലെ നടന്ന മത്സരത്തിന് ശേഷം എമിലിയാനോ മാർട്ടിനസ് പെനാൽറ്റി ഷൂട്ടൗട്ടിനെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ നിന്നും ഇക്കാര്യം വ്യക്തമാണ്.
"ഞാൻ തിരിച്ചു വീട്ടിലേക്ക് പോകാൻ ഒരുക്കമല്ലെന്ന് എന്റെ സഹതാരങ്ങളോട് പറഞ്ഞിരുന്നു. കോപ്പ അമേരിക്കയും ലോകകപ്പും നേടിയ ഈ ടീമിന് ഇവിടെ തുടരാനുള്ള അർഹതയുണ്ട്." എമിലിയാനോ പറഞ്ഞു. ആ വാക്കുകളിൽ നിന്നു തന്നെ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയെ വിജയിപ്പിക്കുമെന്ന അയാളുടെ കോൺഫിഡൻസ് വ്യക്തമാണ്.
എമിലിയാനോ അർജന്റീന ടീമിലെത്തി മൂന്നു വർഷം പിന്നിടുന്നതേയുള്ളൂ. ഈ മൂന്നു വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും അർജന്റീന സ്വന്തമാക്കി. അതിനു പിന്നിൽ നിർണായക പങ്കുമായി എമിലിയാനോ മാർട്ടിനസ് ഉണ്ടായിരുന്നു. അർജന്റീന ആരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ എക്കാലത്തെയും വലിയ ഇതിഹാസമാണ് എമിലിയാനോ മാർട്ടിനസ്.