മെസിക്ക് ശേഷം ബാലൺ ഡി ഓറുകൾ വാരിക്കൂട്ടാൻ പോകുന്ന താരം, എംബാപ്പയോട് ബഹുമാനം മാത്രമേയുള്ളൂവെന്ന് എമിലിയാനോ മാർട്ടിനസ്
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ഹീറോയായി മാറിയെങ്കിലും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ പല ചെയ്‌തികളും ഫുട്ബോൾ ആരാധകർക്ക് ഉൾക്കൊള്ളാൻ പ്രയാസമുള്ളവയായിരുന്നു. അതിൽ താരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത് എംബാപ്പയെ കളിയാക്കിയതിന്റെ പേരിലായിരുന്നു. ഫൈനലിൽ എംബാപ്പെ നാല് തവണ എമിലിയാനോയെ കീഴടക്കിയതിന്റെ രോഷം തീർക്കുകയാണ് ചെയ്‌തതെന്ന് പലരും വിലയിരുത്തി.
എന്നാൽ ലോകകപ്പിൽ എംബാപ്പയോട് ചെയ്‌തതൊന്നും വ്യക്തിപരമായ പ്രശ്‌നം കൊണ്ടല്ലെന്നാണ് എമിലിയാനോ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്. എംബാപ്പയോട് എന്നും ബഹുമാനമുണ്ടെന്നു പറഞ്ഞ താരം ഫൈനലിൽ തനിക്കെതിരെ നാല് ഗോളുകൾ ഫ്രഞ്ച് സ്‌ട്രൈക്കർ നേടിയ കാര്യവും ഓർമിപ്പിച്ചു. മെസിക്ക് ശേഷം ബാലൺ ഡി ഓർ നേട്ടങ്ങൾ തൂത്തു വാരാൻ പോകുന്ന താരമെന്നാണ് എംബാപ്പയെ എമിലിയാനോ വിശേഷിപ്പിച്ചത്.
"ഞാനെങ്ങിനെയാണ് എംബാപ്പയെ കളിയാക്കുക, നാല് ഗോളുകളാണ് താരം നേടിയത്. ഫൈനലിൽ എനിക്കെതിരെ നാല് ഗോളുകൾ താരം സ്വന്തമാക്കി. അവന്റെ പാവയാണ് ഞാനെന്ന് എംബാപ്പെ കരുതിയിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഞാൻ വീണ്ടും പറയുന്നു, താരത്തോട് എനിക്ക് വളരെ ബഹുമാനമുണ്ട്. ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഫ്രഞ്ച് താരം എംബാപ്പയാണ്."
"ലോകകപ്പിന് ശേഷം താരത്തിനെതിരെ കളിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ഫൈനൽ ഏറെക്കുറെ ഒറ്റക്ക് വിജയിപ്പിക്കുന്ന സാഹചര്യം വരെ താരം സൃഷ്‌ടിച്ചുവെന്നും ഞാൻ പറഞ്ഞിരുന്നു. മഹത്തായ പ്രതിഭയാണ് എംബാപ്പെ, മെസിക്കു ശേഷം താരം ഒരുപാട് ബാലൺ ഡി ഓർ നേടുമെന്നതിൽ സംശയമില്ല." എമിലിയാനോ പറഞ്ഞു.
ലോകകപ്പ് ഫൈനലിലെ തന്റെ ചെയ്‌തികളെല്ലാം അന്നത്തെ വിജയത്തിന്റെ ഊർജ്ജം കൊണ്ട് സംഭവിച്ചതാണെന്നാണ് എമിലിയാനോയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. തന്റെ ചെയ്‌തികളിൽ താരത്തിന് പശ്ചാത്താപമുണ്ടെന്നും താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ അതിന്റെ ഭാഗമായുള്ള വിവാദങ്ങൾ കെട്ടടങ്ങുമെന്നു വേണം കരുതാൻ.