നൊമ്പരമ്പമായി പെലെയുടെ അവസാന ഇന്‍സ്റ്റഗ്രാം കുറിപ്പ്; വാക്കുകളില്‍ മറഡോണയുമായുള്ള സൗഹൃദവും
സാവോപോളോ: ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളായ പെലെയും മറഡോണയും വിടപറഞ്ഞതോടെ ഫുട്‌ബോളിലെ ഒരു കാലഘട്ടംകൂടിയാണ് അസ്തമിക്കുന്നത്. താരതമ്യവുമായി പെലെയ്‌ക്കൊപ്പം എപ്പോഴും പറഞ്ഞിരുന്നത് ഈ രണ്ട് ഇതിഹാസങ്ങളെയായിരുന്നു.
ലാറ്റിനമേരിക്കയിലെ ശക്തികളായ ബ്രസീല്‍, അര്‍ജന്റീന ടീമുകള്‍ക്ക് വേണ്ടിയാണ് ഇരുവരും ഇറങ്ങിയതെന്നതും പരസ്പര താരതമ്യത്തിന് കാരണമാക്കി. ഇരുവരുംതമ്മിലുള്ള അടുത്ത സൗഹൃദം വ്യക്തമാക്കുന്നതാണ് പെലെയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഖത്തര്‍ ലോകകപ്പ് കിരീടം അര്‍ജന്റീന നേടിയപ്പോള്‍ അഭിനന്ദനം അറിയിച്ച് കൊണ്ടായിരുന്നു പെലെ സമൂഹമാധ്യമങ്ങളില്‍ കുറിപ്പെഴുതിയത്.
എപ്പോഴത്തെയും പോലെ ഫുട്‌ബോള്‍ അതിന്റെ അതിശയ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു. മെസി തന്റെ ആദ്യത്തെ ലോകകപ്പ് നേടി. പ്രിയ സുഹൃത്ത് എംബാപ്പെ ഫൈനലില്‍ ഹാട്രിക്ക് നേടി. നമ്മുടെ കായികരംഗത്തിന്റെ ഭാവിയുടെ ഈ കാഴ്ച കാണാന്‍ കഴിഞ്ഞത് എന്തൊരു സമ്മാനമാണ്.
അവിശ്വസനീയമായ ലോകകപ്പ് ക്യാമ്പയിന് മൊറോക്കോയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ആഫ്രിക്ക തിളങ്ങുന്നത് കാണാന്‍ സന്തോഷമുണ്ട്. അഭിനന്ദനം അര്‍ജന്റീന. തീര്‍ച്ചയായും ഡീഗോ ചിരിക്കുന്നുണ്ടാകും'' എന്നാണ് പെലെ കുറിച്ചത്. മറഡോണയെയും മെസിയെയും ഒപ്പം പുതുതലമുറ താരമായ എംബാപ്പെയും ചേര്‍ത്തുനിര്‍ത്തുന്ന പെലയുടെ കുറിപ്പ് ഏതൊരു ഫുട്‌ബോള്‍ ആരാധകന്റേയും ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതാണ്.
ദേശീയ ടീമിനായി 92 മത്സരങ്ങളില്‍ 77 ഗോളുകളാണ് പെലെ നേടിയത്. ബ്രസീല്‍ സാന്റോസിന്റെ എക്കാലത്തേയും മികച്ച പ്ലെയറായ പെലെ ക്ലബിനായി 659 മത്സരങ്ങളില്‍ നിന്നായി 643 ഗോളുകളും സ്‌കോര്‍ചെയ്തു. കരിയറിന്റെ അവസാനകാലത്ത് ന്യൂയോര്‍ക്ക് കോസ്‌മോസിനായി പന്തുതട്ടി 107 കളികളില്‍ 66 ഗോളുകളും നേടി.
22 വര്‍ഷം നീണ്ട കരിയറില്‍ ഈ രണ്ടുക്ലബുകളിലല്ലാതെ പെലെ കളിച്ചിട്ടില്ല. 1363 കളികളില്‍ 1279 തവണ വലകുലുക്കി ഗിന്നസ് റെക്കോര്‍ഡിലും ബ്രസീലിയന്‍ ഇടംപിടിച്ചിട്ടുണ്ട്. 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി ഫിഫ തെരഞ്ഞെടുത്തത് പെലെയേയും മറഡോണയേയുമായിരുന്നു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആ്ന്റ് സ്റ്റാറ്റസ്റ്റിക്‌സിന്റെ നൂറ്റാണ്ടിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു ഈ 82കാരന്‍.