റയലിന്റെ പ്രാർത്ഥന സഫലമായില്ല, ബാഴ്‌സയെ വീഴ്ത്തി ജിറോണയുടെ കുതിപ്പ് തുടരുന്നു
സ്‌പാനിഷ് ലീഗിൽ ജിറോണ ഫുട്ബോൾ ക്ലബിന്റെ അവിശ്വസനീയമായ കുതിപ്പ് തുടരുന്നു. ലീഗ് ആരംഭിച്ച് ഇതുവരെ ഒരു മത്സരത്തിൽ മാത്രം തോൽവി വഴങ്ങിയ അവർ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്‌സലോണയെയാണ് കീഴടക്കിയത്. ബാഴ്‌സലോണയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണ വിജയിച്ചത്. ആദ്യമായാണ് അവർ ബാഴ്‌സലോണയെ കീഴടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിൽ തന്നെ ഡോവ്ബികിലൂടെ മുന്നിലെത്തിയ ജിറോനക്കെതിരെ റോബർട്ട് ലെവൻഡോസ്‌കി പത്തൊൻപതാം മിനുട്ടിൽ സമനില ഗോൾ നേടിയെങ്കിലും ജിറോണ ആദ്യപകുതിയിൽ തന്നെ വീണ്ടും മുന്നിലെത്തി. മുൻ റയൽ മാഡ്രിഡ് താരമായ മിഗ്വൽ ഗുട്ടിറെസാണ് നാല്പതാം മിനുട്ടിൽ ജിറോണയെ മുന്നിലെത്തിച്ചത്. അതിനു ശേഷം എൺപതാം മിനുറ്റിൽ വലേറി ഫെർണാണ്ടസ് ജിറോണയുടെ ലീഡ് ഉയർത്തി.
ഇഞ്ചുറി ടൈമിൽ ഇൽകെയ് ഗുൻഡോഗൻ ബാഴ്‌സലോണക്കായി ഒരു ഗോൾ മടക്കിയെങ്കിലും അതിനു പിന്നാലെ തന്നെ ജിറോണ നാലാമത്തെ ഗോൾ നേടി മത്സരം പൂർണമായും സ്വന്തമാക്കി. മത്സരത്തിൽ ജിറോനയാണ് വിജയം നേടിയതെങ്കിലും ബാഴ്‌സലോണക്കായിരുന്നു ആധിപത്യം. മുപ്പത്തിയൊന്നു ഷോട്ടുകളാണ് അവർ മത്സരത്തിൽ ഉതിർത്തത്. ബാഴ്‌സലോണ താരങ്ങൾ അഞ്ചോളം അവസരങ്ങൾ തുലച്ചു കളഞ്ഞില്ലായിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നായേനേ.
എന്തായാലും ബാഴ്‌സലോണ ജിറോണയെ തോൽപ്പിച്ചാൽ തങ്ങൾക്ക് ലീഗിൽ മുന്നിലേക്ക് വരാമെന്ന റയൽ മാഡ്രിഡ് ആരാധകരുടെ കാത്തിരിപ്പ് വെറുതെയായി. നിലവിൽ പതിനാറു മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി സിറ്റി ഗ്രൂപ്പിന്റെ ക്ലബായ ജിറോണ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ റയൽ മാഡ്രിഡ് രണ്ടു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ്. അത്ലറ്റികോ മാഡ്രിഡ് മൂന്നാമത് നിൽക്കുമ്പോൾ തോൽവിയേറ്റു വാങ്ങിയ ബാഴ്‌സലോണ നാലാം സ്ഥാനത്താണ്.