മുംബൈ പടയോട്ടത്തില്‍ മുഖം കുത്തിവീണ് ബ്ലാസ്റ്റേഴ്സ, പടുകൂറ്റന്‍ തോല്‍വി
കേരള ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പ് കരുത്തരായ മുംബൈ സിറ്റിക്ക് മുന്നില്‍ അവസാനിച്ചു. ഐഎസ്എല്ലില്‍ ഒന്നാംസ്ഥാനക്കാരായ മുംബൈയോട് നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ആദ്യ 22 മിനിറ്റില്‍തന്നെ നാല് ഗോളും വഴങ്ങിയ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധം തടഞ്ഞു. സീസണില്‍ ഒരു കളിയും തോല്‍ക്കാത്ത ടീമാണ് മുംബൈ. ജോര്‍ജ് ഡയസ് പെരേര അവര്‍ക്കായി ഇരട്ടഗോളടിച്ചു. ഗ്രെഗ് സ്റ്റുവര്‍ട്ടും ബിപിന്‍ സിങ്ങും മറ്റ് ഗോളുകള്‍ നേടി. 13 കളിയില്‍ 25 പോയിന്റുമായി മൂന്നാംസ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. അവസാനം കളിച്ച എട്ട് കളിയില്‍ ഇവാന്‍ വുകോമനോവിച്ചിന്റെ സംഘം തോറ്റിരുന്നില്ല.
ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കളിച്ച ടീമില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മൂന്ന് മാറ്റങ്ങള്‍ വരുത്തി.
പ്രതിരോധത്തില്‍ മാര്‍കോ ലെസ്‌കോവിച്ചും സന്ദീപ് സിങ്ങും ഇറങ്ങിയില്ല. ഹര്‍മന്‍ജോത് കബ്ര, വിക്ടര്‍ മോന്‍ഗില്‍ എന്നിവര്‍ പകരം ഇടംകണ്ടു. ജെസെല്‍ കര്‍ണെയ്റോ, ഹോര്‍മിപാം എന്നിവര്‍ തുടര്‍ന്നു.മധ്യനിരയില്‍ ഇവാന്‍ കലിയുഷ്നി തിരിച്ചെത്തിയപ്പോള്‍ അപോസ്തലോസ് ജിയാനു പുറത്തിരുന്നു.
സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ, ജീക്സണ്‍ സിങ് എന്നിവര്‍. കെ പി രാഹുലും ദിമിത്രിയോസ് ഡയമന്റാകോസും മുന്‍നിരയില്‍. ഗോള്‍മുഖത്ത്. ബാറിന് കീഴില്‍ പ്രഭ്സുഖന്‍ സിങ്ഗില്‍. മുംബൈ മുന്നേറ്റത്തില്‍ ജോര്‍ജ് പെരേര ഡയസ്. ഗ്രെഗ് സ്റ്റുവര്‍ട്ട്, ബിപിന്‍ സിങ്, ലല്ലിയന്‍സുവാല ചങ്തെ എന്നിവര്‍ തൊട്ടുപിന്നില്‍. മധ്യനിരയുടെ ഇരുവശങ്ങളിലും അഹമ്മദ് ജഹുവും അപൂയയും.
പ്രതിരോധത്തില്‍ രാഹുല്‍ ബെക്കെ, മെഹ്താബ് സിങ്, വിഘ്നേഷ് ദക്ഷിണാമൂര്‍ത്തി, റോസ്റ്റിന്‍ ഗ്രിഫിത്സ്. ഗോള്‍വലയ്ക്ക് മുന്നില്‍ ലചെന്‍പ.
അപരാജിത കുതിപ്പുമായി മുംബൈയിലെത്തിയ ബ്ലാസ്റ്റേഴ്സ് തുടക്കംതന്നെ പാളി. കളിയുടെ നാലാം മിനിറ്റില്‍ ഡയസ് മുംബൈയെ മുന്നിലെത്തിച്ചു. സ്റ്റുവര്‍ട്ടിന്റെ ലോങ് ക്രോസില്‍നിന്നായിരുന്നു തുടക്കം. ഇടതുഭാഗത്ത് ബിപിന്‍ ക്രോസ് പിടിച്ചെടുത്തു. ഷോട്ട് പായിച്ചു. ഗില്‍ തടുത്തിട്ടു. എന്നാല്‍ തട്ടിത്തെറിച്ച പന്ത് ഡയസ് ഒഴിഞ്ഞ വലയിലേക്ക് തട്ടിയിട്ടു. പിന്നാലെ ഡയമന്റാകോസിന്റെ ഷോട്ട് ലചെന്‍പ തടഞ്ഞു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ ആശയക്കുഴപ്പത്തില്‍നിന്ന് മുംബൈ വീണ്ടും ലക്ഷ്യം കണ്ടു. പത്താം മിനിറ്റിലായിരുന്നു അവരുടെ രണ്ടാംഗോള്‍. വലതുവശം കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ഒടുവില്‍ ചങ്തെ ഉയര്‍ത്തിവിട്ട പന്തില്‍ സ്റ്റുവര്‍ട്ട് തലവച്ചു. അഞ്ച് മിനിറ്റിനിടെ ബ്ലാസ്റ്റേഴ്സ് വീണ്ടും വഴങ്ങി. ബിപിന്‍ സിങ് തൊടുത്ത ഷോട്ട് ഗില്ലിനെ മറികടന്ന് വലയില്‍ പതിച്ചു. ഡയസാണ് അവസരമൊരുക്കിയത്.
22ാംമിനിറ്റില്‍ മുംബൈയുടെ നാലാം ഗോളുമെത്തി. ഇക്കുറിയും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് ഡയസിനെ പിടിച്ചുനിര്‍ത്താനായില്ല. ജഹു നല്‍കിയ ത്രൂബോള്‍ പിടിച്ചെടുത്ത് ഡയസ് എളുപ്പത്തില്‍ പന്ത് വലയിലെത്തിച്ചു. നാല് ഗോള്‍ വീണതിന്റെ ഞെട്ടലില്‍ ബ്ലാസ്റ്റേഴ്സ് പതറിപ്പോയി. എന്നാല്‍ ലൂണയും കലിയുഷ്നിയും ചേര്‍ന്ന് ബ്ലാസ്റ്റേഴ്സിനെ ട്രാക്കിലെത്തിച്ചു. 34ാം മിനിറ്റില്‍ ലൂണയുടെ ഫ്രീകിക്ക് ലചെന്‍പ തട്ടിയകറ്റി. ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ രണ്ട് കോര്‍ണറുകള്‍ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായി കിട്ടിയെങ്കിലും മുംബൈ സിറ്റി പ്രതിരോധം പിടിച്ചുനിന്നു. ആദ്യപകുതി ബ്ലാസ്റ്റേഴ്സ് നിരാശയോടെ അവസാനിപ്പിച്ചു.
രണ്ടാംപകുതിയില്‍ മികച്ച തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്സിന്. രണ്ട് തവണ ലചെന്‍പ പന്ത് കുത്തിയകറ്റുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് പന്തില്‍ നിയന്ത്രണം കാട്ടി. 61ാം മിനിറ്റില്‍ വുകോമനോവിച്ച് കളിയില്‍ ആദ്യമാറ്റം വരുത്തി. രാഹുലിന്പകരം സൗരവ് മൊണ്ടല്‍ ഇറങ്ങി. പിന്നാലെ കര്‍ണെയ്റോ വലിയൊരു അപകടത്തില്‍നിന്ന് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു. മുംബൈയുടെ ആക്രമണം. ബിപിന്റെ മുന്നേറ്റം ഗില്ലിനെ മറികടന്നു. ആല്‍ബെര്‍ടോ നെഗ്വേര പന്ത് വലയിലേക്ക് തിരിച്ചുവിട്ടു.
എന്നാല്‍ ഗോള്‍മുഖത്ത് ജാഗ്രതയോടെ നിന്ന കര്‍ണെയ്റോ പന്ത് ഗോള്‍ലൈനില്‍വച്ച് തട്ടിയകറ്റി. ബ്ലാസ്റ്റേഴ്സ് രണ്ട് മാറ്റങ്ങള്‍കൂടി വരുത്തി. സഹലിനും കലിയുഷ്നിക്കും പകരം ജിയാനുവും ബ്രൈസ് മിറാന്‍ഡയും കളത്തിലെത്തി. തിരിച്ചടിക്കാനായി മഞ്ഞപ്പട ആഞ്ഞുശ്രമിച്ചു. എന്നാല്‍ മുംബൈയുടെ പ്രതിരോധം വിട്ടുകൊടുത്തില്ല. കോര്‍ണറുകള്‍ വഴങ്ങി അവര്‍ അപകടമൊഴിവാക്കി. 83ാം മിനിറ്റില്‍ രണ്ട് മാറ്റങ്ങള്‍ കൂടിയുണ്ടായി. ജീക്സണും ഡയമന്റാകോസും തിരിച്ചുകയറി. ആയുഷ് അധികാരിയും മലയാളി യുവതാരം വിബിന്‍ മോഹനനും കളത്തിലെത്തി. അവസാന നിമിഷം ജിയാനുവിന്റെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.
ഈമാസം 22ന് എഫ്സി ഗോവയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.