മെസിയുടെ റെക്കോർഡ് തകർത്ത പ്രകടനം, ഹമേസാണ് കൊളംബിയയുടെ കരുത്ത്
2014 ലോകകപ്പിലാണ് ഹമെസ് റോഡ്രിഗസ് എന്ന പ്രതിഭയെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. ആ ലോകകപ്പിൽ കൊളംബിയ ക്വാർട്ടർ ഫൈനലിലേക്കു കുതിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ ആറു ഗോളുകളും രണ്ട്‍ അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്. എന്നാൽ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനോട് തോൽവി വഴങ്ങി കൊളംബിയക്ക് പുറത്തു പോകേണ്ടി വന്നു.
അതിനു ശേഷം റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബുകളിൽ കളിച്ച ഹമെസിനു കരിയറിൽ ഉയർച്ചയും താഴ്ച്ചയും ഉണ്ടായിരുന്നു. ഒടുവിൽ ഖത്തറിലേക്ക് അവിടെ നിന്ന് ബ്രസീലിയൻ ക്ലബായ സാവോ പോളോയിലേക്കും കൊളംബിയൻ താരമെത്തി. തന്റെ പ്രതിഭ എന്നും അതുപോലെ തന്നെ ബാക്കിയുണ്ടെന്ന് ഇപ്പോൾ കോപ്പ അമേരിക്കയിൽ നടത്തുന്ന പ്രകടനത്തിലൂടെ താരം തെളിയിച്ചു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം യുറുഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിൽ കൊളംബിയ നേടിയ വിജയഗോളിന് വഴിയൊരുക്കിയ ഹമെസ് റോഡ്രിഗസ് സാക്ഷാൽ ലയണൽ മെസിയുടെ റെക്കോർഡാണ് മറികടന്നത്. ഒരു കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏറ്റവുമധികം അസിസ്റ്റെന്ന ലയണൽ മെസിയുടെ അഞ്ച് അസിസ്റ്റിന്റെ റെക്കോർഡ് ഈ ടൂർണമെന്റിൽ ആറ് അസിസ്റ്റുകളോടെ കൊളംബിയൻ താരം മറികടന്നു.
ഈ ടൂർണമെന്റിൽ ഇതുവരെ നടത്തിയ പ്രകടനത്തിൽ നിന്നും കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമാണ് കൊളംബിയയെന്നു നിസംശയം പറയാം. യുറുഗ്വായ്‌ക്കെതിരെ രണ്ടാം പകുതി മുഴുവൻ പത്ത് പേരുമായി കളിക്കേണ്ടി വന്നിട്ടും അവർ പിടിച്ചു നിന്നത് അതിനുള്ള തെളിവാണ്. എന്തായാലും നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിൽ വിയർക്കുമെന്നതിൽ സംശയമില്ല.