വിജയം റയൽ മാഡ്രിഡിനെങ്കിലും മിന്നിത്തിളങ്ങിയത് ജാപ്പനീസ് മെസി, തിരികെയെത്തിക്കുമോ റയൽ മാഡ്രിഡ്
റയൽ മാഡ്രിഡും റയൽ സോസിഡാഡും തമ്മിൽ ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ റയൽ സോസിഡാഡാണ് ആധിപത്യം പുലർത്തി ആദ്യത്തെ ഗോൾ നേടിയതെങ്കിലും മത്സരത്തിൽ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് മത്സരത്തിൽ വിജയം നേടി ഈ സീസണിൽ അജയ്യരായി മുന്നോട്ടു പോകുന്നത്.
അതേസമയം റയൽ മാഡ്രിഡാണ് വിജയം സ്വന്തമാക്കിയതെങ്കിലും മത്സരത്തിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് റയൽ സോസിഡാഡ് താരമായ ടാകെഫുസെ കുബോയാണ്. റയൽ മാഡ്രിഡിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ റയൽ സോസിഡാഡിലേക്ക് ചേക്കേറിയ ജാപ്പനീസ് താരം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ടീമിന് വിജയം സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ല.
മത്സരത്തിൽ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയ കുബോ ഒരു ഗോൾ നേടുകയും ചെയ്‌തിരുന്നു. എന്നാൽ തന്റെ സഹതാരം ഓഫ്‌സൈഡ് പൊസിഷനിൽ നിന്ന് റഫറിയുടെ കാഴ്‌ച മറച്ചതിനാൽ അത് ഓഫ്‌സൈഡായി മാറുകയാണുണ്ടായത്. ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അതിനു പുറമെ ടോണി ക്രൂസിനെ നാണം കെടുത്തിയ നട്ട്മേഗും താരത്തിന്റെ വകയായി ഉണ്ടായിരുന്നു. ബാഴ്‌സലോണ ലാ മാസിയ അക്കാദമിയിലായിരുന്ന കുബോയെ കരാർ അവസാനിച്ചപ്പോൾ റയൽ മാഡ്രിഡ് സ്വന്തമാക്കുകയായിരുന്നു. പ്രതിഭയുണ്ടെങ്കിലും താരത്തിന് ലോസ് ബ്ലാങ്കോസിൽ ഒരു പ്രധാന മത്സരം പോലും കളിക്കാൻ കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്നാണ് താരം ടീം വിട്ടത്.
എന്നാൽ കുബോയെ വീണ്ടും ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിന് അവസരമുണ്ട്. താരത്തെ ഭാവിയിൽ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുടെ പകുതി റയൽ മാഡ്രിഡിന് അവകാശപ്പെട്ടതാണ്. അതുകൊണ്ടു തന്നെ അറുപതു മില്യൺ യൂറോ റിലീസിംഗ് ക്ലോസുള്ള താരത്തിനെ മുപ്പതു മില്യൺ നൽകിയാൽ സ്വന്തമാക്കാൻ റയലിന് കഴിയും. എന്നാൽ അതിനു ലോസ് ബ്ലാങ്കോസ് മുതിരുമോയെന്നാണ് അറിയേണ്ടത്.