ഇവനാണ് മെസിയുടെ പകരക്കാരൻ, ബാഴ്‌സലോണയുടെ താരോദയമായി ലാമിൻ യമാൽ
ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം ബാഴ്‌സലോണക്ക് യൂറോപ്പിൽ അത്രയധികം ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധികൾ കാരണം ടീമിന് ആവശ്യമുള്ള താരങ്ങളെ സ്വന്തമാക്കാൻ കഴിയാത്തത് അതിനൊരു പരിധി വരെ കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പലപ്പോഴും ബി ടീമിലെ താരങ്ങളെ ടീമിന് ആശ്രയിക്കേണ്ടി വരുന്നു.
കഴിഞ്ഞ സീസണിന്റെ അവസാനഘട്ടത്തിൽ ജുവനൈൽ ടീമിൽ നിന്നും സീനിയർ ടീമിലെത്തിയ ഒരു പതിനഞ്ചുകാരൻ ഇപ്പോൾ ബാഴ്‌സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറിയിരിക്കുകയാണ്. നിലവിൽ പതിനാറു വയസ് മാത്രം പ്രായമുള്ള ലാമിൻ യമാലാണ് കഴിഞ്ഞ ദിവസം മയോർക്കക്കെതിരെ ബാഴ്‌സലോണയുടെ വിജയഗോൾ അതിമനോഹരമായ ഒരു ഷോട്ടിലൂടെ നേടിയത്.
മത്സരത്തിന് ശേഷം മയോർക്ക പരിശീലകൻ യമാലിനെ ലയണൽ മെസിയോടാണ് താരതമ്യം ചെയ്‌തത്. ലയണൽ മെസിയുടെ കളി ഇരുപത്തിയൊന്നാം വയസിൽ ആദ്യമായി കാണുമ്പോൾ തനിക്ക് തോന്നിയ അതെ കാര്യമാണ് യമാലിന്റെ മത്സരം കണ്ടപ്പോൾ തോന്നിയതെന്നും ബാഴ്‌സലോണയ്ക്ക് ഒരുപാട് സന്തോഷം നൽകാൻ ഭാവിയിൽ താരത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുഴുനീള സീസൺ ആദ്യമായി കളിക്കുന്ന യമാൽ ഇപ്പോൾ തന്നെ പതിമൂന്നു ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്. അതിനു പുറമെ ബാഴ്‌സലോണ മുന്നേറ്റങ്ങളിൽ സജീവസാന്നിധ്യമാണ് പതിനാറുകാരൻ. കൂടുതൽ പരിചയസമ്പത്ത് വരുന്നതോടെ ബാഴ്‌സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാൻ തനിക്ക് പ്രതിഭയുണ്ടെന്ന് ഓരോ മത്സരങ്ങളിലും താരം തെളിയിച്ചു കൊണ്ടിരിക്കുന്നുണ്ട്.