മെസിയുമായി കരാർ ധാരണയിൽ എത്തിയിരുന്നു, താരം ക്ലബ് വിടാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി ലപോർട്ട
സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്ന കാര്യമെങ്കിലും അതല്ല സംഭവിച്ചത്. പിഎസ്‌ജി കരാർ അവസാനിച്ച താരം ബാഴ്‌സയുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഒടുവിൽ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയെയാണ് തിരഞ്ഞെടുത്തത്. ഇന്ന് താരത്തിന്റെ സൈനിങ് ഇന്റർ മിയാമി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.
അതിനിടയിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറാതിരിക്കാനുള്ള യഥാർത്ഥ കാരണം ക്ലബ് പ്രസിഡന്റായ ലപോർട്ട വെളിപ്പെടുത്തുകയുണ്ടായി. മെസിക്ക് ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനു വേണ്ടി കൂടുതൽ കാത്തിരിക്കാൻ താരം തയ്യാറായിരുന്നില്ല. സമ്മർദ്ദമില്ലാതെ ലീഗിൽ കളിക്കാനാണ് ലയണൽ മെസി ആഗ്രഹിച്ചിരുന്നത്.
"ഞങ്ങൾ അംഗീകാരം നൽകിയിരുന്നു, എന്നാൽ ഓരോ കാര്യങ്ങൾക്കും അതിന്റേതായ സമയമുണ്ട്. കരാർ ഞങ്ങൾ ധാരണയിൽ എത്തിയിരുന്നു. എന്നാൽ ലാ ലിഗ അനുമതി നൽകിയ സമയത്ത് ലയണൽ മെസിയുടെ പിതാവ് പറഞ്ഞത് പിഎസ്‌ജിയിൽ കഴിഞ്ഞ രണ്ടു വർഷം താരം ബുദ്ധിമുട്ടിയിരുന്നു, അതിനാൽ സമ്മർദ്ദമില്ലാതെ ലീഗിൽ കളിക്കാനാണ് ആഗ്രഹമെന്ന്. അത് മനസിലാക്കാൻ കഴിയുന്നതാണെന്ന് ഞാനും മറുപടി നൽകി." ലപോർട്ട പറഞ്ഞു.
ലയണൽ മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണയ്ക്ക് ഏതാനും താരങ്ങളെ ഒഴിവാക്കേണ്ടത് അത്യാവശ്യമായിരുന്നു. അതിനു സമയമെടുക്കുമെന്നതിനാൽ താരത്തോട് കാത്തിരിക്കാൻ ബാഴ്‌സ ആവശ്യപ്പെട്ടെങ്കിലും തന്റെ ഭാവി പെട്ടന്ന് തീരുമാനമാക്കാനാണ് മെസി ആഗ്രഹിച്ചത്. തീരുമാനം വൈകിച്ച് രണ്ടു വർഷം മുൻപ് ബാഴ്‌സലോണ വിടേണ്ടി വന്ന സാഹചര്യം ആവർത്തിക്കാൻ മെസി ഒരിക്കലും തയ്യാറായിരുന്നില്ല.