ലോകകപ്പിലെ നിരാശക്ക് പകരം വീട്ടണമെന്ന് അവൻ പറഞ്ഞു, ഫൈനലിലെ വിജയഗോളടക്കം ഗോൾഡൻ ബൂട്ടും സ്വന്തമാക്കി
കോപ്പ അമേരിക്ക ടൂർണമെന്റിന് വരുമ്പോൾ അർജന്റീനയുടെ പ്രധാന സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസ് ആവർത്തിച്ചു പറഞ്ഞിരുന്നത് ഒരു കാര്യമായിരുന്നു. ഖത്തർ ലോകകപ്പിൽ അർജന്റീന ജേഴ്‌സിയിൽ തിളങ്ങാൻ കഴിയാതെ പോയതിനു തനിക്ക് പകരം വീട്ടണമെന്ന്. ഇന്ന് ടൂർണമെന്റ് അവസാനിച്ചപ്പോൾ അത് അക്ഷരാർത്ഥത്തിൽ താരം ചെയ്‌തു കാണിച്ചിരിക്കുകയാണ്.
പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ സ്‌കലോണിയുടെ അർജന്റീന ടീമിൽ മെസിക്ക് ശേഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായ ലൗടാരോ മാർട്ടിനസിനു ലോകകപ്പിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഫിറ്റ്നസ് വീണ്ടെടുത്ത താരം കോപ്പ അമേരിക്കക്കു മുൻപ് പറഞ്ഞ വാക്കു പാലിക്കുന്നതാണ് ടൂർണമെന്റിന് ശേഷം കണ്ടത്.
കോപ്പ അമേരിക്കയിൽ ആറു മത്സരങ്ങളിൽ ലൗടാരോ മാർട്ടിനസ് ഇറങ്ങിയിരുന്നെങ്കിലും അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ആദ്യത്തെ രണ്ടു മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങി ഓരോ ഗോൾ വീതം നേടിയ താരം പെറുവിനെതിരെ ഇരട്ടഗോളുകൾ സ്വന്തമാക്കി. പിന്നീട് ക്വാർട്ടറിലും സെമിയിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഫൈനലിൽ അതിനും പകരം വീട്ടി.
ഫൈനലിൽ അൽവാരസിനു പകരക്കാരനായാണ് ലൗടാരോ ഇറങ്ങുന്നത്. എക്‌സ്ട്രാ ടൈമിൽ 112ആം മിനുട്ടിൽ താരം ടീമിന്റെ വിജയഗോൾ സ്വന്തമാക്കി. ഇതോടെ അഞ്ചു ഗോളുകൾ ടൂർണമെന്റിൽ നേടിയാണ് ലൗറ്റാറോ ഗോൾഡൻ ബൂട്ട് നേടിയത്. 2022 ലോകകപ്പിൽ നിറം മങ്ങിപ്പോയതിനു നേരിട്ട വിമർശനങ്ങൾക്ക് മനോഹരമായ പ്രതികാരം.
ലൗടാരോ മാർട്ടിനസിന്റെ ഈ പ്രകടനം അർജന്റീന താരങ്ങളുടെ മനോഭാവം കൂടി വ്യക്തമാക്കി നൽകുന്നുണ്ട്. കരിയറിൽ നേരിടുന്ന തിരിച്ചടികളിൽ നിന്നും കൂടുതൽ കരുത്തോടെ ഉയർന്നു വരാൻ തങ്ങൾക്ക് കഴിയുമെന്ന് അവർ തെളിയിക്കുന്നു. ഈ മികവ് തന്നെയാണ് അർജന്റീനയുടെ കുതിപ്പിനു പിന്നിലെ പ്രധാന ശക്തിയും.