ചരിത്രത്തിൽ മിശിഹായ്ക്ക് ഇനി എതിരില്ല; എന്തു പറഞ്ഞാണിനി അയാളെ എതിർക്കുക? റെക്കോർഡുകളുടെ റെക്കോർഡ് തിളക്കത്തിൽ മെസി
ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണ് എന്ന ചർച്ചയിൽ ഏറ്റവുമധികം ഉയർന്നുകേട്ട പേരുകളിൽ ഒന്നാണ് ലയണൽ മെസ്സിയുടേത്. എന്നാൽ, ഇക്കാര്യത്തിൽ മെസ്സിക്കെതിരെ വാദിക്കുന്നവർക്ക് പോലും ഒരുകാര്യം ഇനി നിഷേധിക്കാനാവില്ല.
ലോകഫുട്ബാളിൽ ഏറ്റവുമധികം കിരീടങ്ങൾ ചൂടിയ കളിക്കാരൻ ഇനിമുതൽ ലയണൽ മെസ്സിയാണ്. കോപ്പ അമേരിക്ക 2024 ഫൈനലിൽ അർജന്റീന കൊളംബിയയെ 1-0 ന് പരാജയപ്പെടുത്തി തങ്ങളുടെ 16ആം കിരീടം സ്വന്തമാക്കിയപ്പോൾ ലയണൽ മെസ്സിക്കും അത് കിരീടത്തിലെ പൊൻതൂവലായി. ഇത് മെസ്സിയുടെ 45-ാമത്തെ കരിയർ കിരീടമായിരുന്നു, ബ്രസീലിന്റെ ഡാനി ആൽവസിനെ മറികടന്ന് എക്കാലത്തെയും ഏറ്റവുമധികം കിരീടനേട്ടങ്ങളുള്ള ഫുട്ബോൾ കളിക്കാരനായി മെസി മാറി.
രണ്ടാം പകുതിയിൽ കണങ്കാലിന് പരിക്കേറ്റ് പിൻവാങ്ങേണ്ടി വന്ന മെസ്സിക്ക് ടൂർണമെന്റ് കണ്ണീരോടെ അവസാനിച്ചുവെന്ന് ഏവരും കരുതി. മെസി ബെഞ്ചിൽ കരഞ്ഞപ്പോൾ, ലൗട്ടാരോ മാർട്ടിനെസ് അധിക സമയത്ത് വിജയഗോൾ നേടി അദ്ദേഹത്തിന് കിരീടം സമ്മാനിച്ചു.
അർജന്റീനയ്ക്കായി, മൂന്ന് വർഷത്തിനുള്ളിൽ മെസി ഇപ്പോൾ നാല് അന്താരാഷ്ട്ര കിരീടങ്ങൾ നേടിയിട്ടുണ്ട്. 2022ൽ ഫിഫ ലോകകപ്പ് നേടിയ അദ്ദേഹം 2021 മുതൽ 2024 വരെ രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ഫൈനലിസിമയും നേടി. തന്റെ ഐതിഹാസികമായ ക്ലബ് കരിയറിൽ മെസ്സി ആകെ 39 കിരീടങ്ങൾ നേടിയിട്ടുണ്ട്, അതിൽ ഭൂരിഭാഗവും ബാഴ്‌സലോണയ്‌ക്കൊപ്പമാണ്.
അദ്ദേഹം ആകെ 12 ലീഗ് കിരീടങ്ങൾ (ബാഴ്സലോണയ്‌ക്കൊപ്പം 10, പിഎസ്‌ജിക്കൊപ്പം രണ്ട്), നാല് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികൾ (എല്ലാം ബാഴ്‌സലോണയ്‌ക്കൊപ്പം), 17 ആഭ്യന്തര കപ്പുകൾ (ബാഴ്‌സലോണയ്‌ക്കൊപ്പം ആകെ 15, പിഎസ്‌ജിക്കൊപ്പം ഒന്ന്, എംഎൽഎസ് ടീമായ ഇന്റർ മിയാമിക്കൊപ്പം ഒന്ന്) എന്നിവ നേടിയിട്ടുണ്ട്.
യുവേഫ സൂപ്പർ കപ്പുകളും ഫിഫ ക്ലബ് ലോകകപ്പും മൂന്ന് തവണ വീതം മെസി നേടി. അന്താരാഷ്ട്ര സർക്യൂട്ടിൽ, 2005 അണ്ടർ 17 ലോകകപ്പിലും 2008 ഒളിമ്പിക് ഗെയിംസിലും മെസ്സി അർജന്റീനയ്‌ക്കൊപ്പം വിജയങ്ങൾ ആസ്വദിച്ചു.
ഐതിഹാസികമായ കരിയറിൽ, 1068 മത്സരങ്ങളിൽ നിന്ന് 838 ഗോളുകളും 374 അസിസ്റ്റുകളും നേടിയ മെസി, വ്യക്തിഗത തലത്തിൽ, എട്ട് ബാലൺ ഡി ഓറുകൾ, ആറു യൂറോപ്യൻ ഗോൾഡൻ ബൂട്ടുകൾ എന്നിങ്ങനെ കണ്ണഞ്ചിക്കുന്ന നേട്ടങ്ങൾക്ക് ഉടമയാണ്.
റൊസാരിയോയിലെ ഒരു ചെറുപ്പക്കാരന്, തുടക്കം എളുപ്പമായിരുന്നില്ല, എന്നാൽ ബാഴ്‌സലോണയിൽ എത്തിയ ശേഷം അദ്ദേഹത്തിന്റെ ജീവിതം മാറി. ക്ലബ് കരിയറിൽ നേടാനിനി ഒന്നും ബാക്കിവച്ചിട്ടില്ലാത്ത മെസിയെ വിമർശിക്കാൻ അന്താരാഷ്ട്ര കരിയർ നേട്ടങ്ങളാണ് പലപ്പോഴും വിമർശകർ എടുത്തുകാണിക്കാറുണ്ടായിരുന്നത്.
എന്നിരുന്നാലും, കഴിഞ്ഞ 4 വർഷത്തിനിടയിൽ, അന്താരാഷ്ട്ര കരിയറിലും മെസ്സി തന്റെ മാറ്റ് തെളിയിച്ചു, അർജന്റീനയ്ക്കൊപ്പം 4 കിരീടങ്ങൾ അടുപ്പിച്ച് നേടിയാണ് മെസ്സി വിമർശകർക്ക് മറുപടി കൊടുത്തത്.