"എംബാപ്പെയുടെ അവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്, താരവുമായി യാതൊരു പ്രശ്‌നവുമില്ല"- ലയണൽ മെസി പറയുന്നു
ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തറിൽ നടന്നത്. അർജന്റീനയാണ് കിരീടം നേടിയതെങ്കിലും ഫൈനലിൽ ഹാട്രിക്ക് ഗോളുകൾ നേടിയ കിലിയൻ എംബാപ്പെയും ഹീറോയായിരുന്നു. മത്സരത്തിൽ മൂന്നു തവണ ലീഡെടുത്ത അർജന്റീനയുടെ കിരീടധാരണം ഷൂട്ടൗട്ട് വരെ നീട്ടിക്കൊണ്ടു പോയത് എംബാപ്പയുടെ ഹാട്രിക്ക് മികവാണ്.
മത്സരത്തിനു ശേഷം എംബാപ്പക്കെതിരെ അർജന്റീന താരങ്ങൾ അധിക്ഷേപങ്ങൾ നടത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രധാനമായും എമിലിയാനോ മാർട്ടിനസായിരുന്നു മറുവശത്ത്. ഇതോടെ പിഎസ്‌ജിയിൽ ഒരുമിച്ചു കളിക്കുന്ന മെസിയും എംബാപ്പായും തമ്മിലുള്ള ബന്ധത്തെ ഇതു ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
എന്നാൽ ലോകകപ്പിനു ശേഷവും തങ്ങൾ തമ്മിലുള്ള ബന്ധത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നാണ് ലയണൽ മെസി പറയുന്നത്. പിഎസ്‌ജിയിൽ തിരിച്ചെത്തിയതിനു ശേഷം എംബാപ്പയുമായി ലോകകപ്പിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അർജന്റീനയിലെ ലോകകപ്പ് ആഘോഷങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താരവുമായി പങ്കു വെച്ചുവെന്നും മെസി പറഞ്ഞു.
2014 ലോകകപ്പ് ഫൈനലിൽ ജർമനിയോട് തോൽവി വഴങ്ങിയതിനെ കുറിച്ചും മെസി പറഞ്ഞു. ആ തോൽവിയുടെ അനുഭവമുള്ളതിനാൽ തന്നെ എംബാപ്പയോട് ഫൈനലിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഫ്രഞ്ച് താരത്തിന് അതേക്കുറിച്ച് സംസാരിക്കാൻ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ലയണൽ മെസി അർജന്റീനിയൻ മാധ്യമം ഒലെയോട് പറഞ്ഞു.
ലയണൽ മെസിയും എംബാപ്പയും തമ്മിൽ ലോകകപ്പ് ഫൈനലിനു ശേഷം പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോർട്ടുകളെ പൂർണമായും തള്ളുന്നതാണ് അർജന്റീനിയൻ താരത്തിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. ഇതോടെ മെസി. എംബാപ്പെ, നെയ്‌മർ ത്രയം ലോകകപ്പിനു മുൻപുള്ള ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.