മെസി ഇന്ന് പാരീസില്‍; ഫ്രഞ്ച് ആരാധകര്‍ എങ്ങനെ എതിരേല്‍ക്കുമെന്ന ആകാംക്ഷയില്‍ ഫുട്‌ബോള്‍ ലോകം
പാരീസ്: ലോകകപ്പ് കിരീട ആഘോഷത്തിന് ശേഷം അര്‍ജന്റീന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി ഇന്ന് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയ്‌ക്കൊപ്പം ചേരും. ലോകകപ്പ് വിജയാഘോഷത്തിന് ശേഷം അര്‍ജന്റീനന്‍താരങ്ങള്‍ അവരുടെ ക്ലബിലേക്ക് ചേക്കേറിയെങ്കിലും മെസി പുതുവത്സരാഘോഷത്തിന് ശേഷം തിരിച്ചെത്താമെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം, മെസി ചൊവ്വാഴ്ച പാരീസിലെത്തുമ്പോള്‍ ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഫ്രാന്‍സിനെ കീഴടക്കിയാണ് മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനന്‍ ടീം ലോകകിരീടത്തില്‍ മുത്തമിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എംബാപെയേയും സംഘത്തേയുംമറികടന്നാണ് 36 വര്‍ഷത്തിന് ശേഷം മെസിയും സംഘവും ലോകത്തിന്റെ നെറുകയിലെത്തിയത്.
മെസി ക്യാമ്പിലേക്ക് മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പി.എസ്.ജി മാനേജര്‍ ക്രിസ്റ്റഫ് ഗാര്‍ട്ടിയറിന്റെ മറുപടിയിതായിരുന്നു. മെസിക്ക് മികച്ച സ്വീകരണമൊരുക്കുമെന്നും ലോകത്തിലെ ഏറ്റവുംമികച്ച ട്രോഫിയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നതെന്നും പി.എസ്.ജി കോച്ച് പറഞ്ഞു. ഇതിനൊപ്പം പി.എസ്.ജിക്ക് മെസിയുടെ സംഭാവനകളെ വിലമതിക്കാനാവാത്തതാണെന്നും ഗാര്‍ട്ടിയര്‍ പറഞ്ഞു. പുതുവര്‍ഷത്തിലെ ആദ്യമത്സരത്തിനിറങ്ങിയ പി.എസ്.ജി ഇന്നലെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയിരുന്നു. മെസിയും നെയ്മറുമില്ലാതെയിറങ്ങിയ പി.എസ്.ജി ഫ്രഞ്ച് ലീഗില്‍ ലെന്‍സിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.
ലോകകപ്പ് വിജയാഘോഷത്തില്‍ എമിലിയാനോ മാര്‍ട്ടിനസ് എംബാപെയെ അധിക്ഷേപിച്ച് നടത്തിയ പ്രവൃത്തികള്‍ നേരത്തെ വിവാദമായിരുന്നു.മെസിക്കൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു എംബാപെക്കെതിരെ അര്‍ജന്റീന്‍ ഗോള്‍കീപ്പറുടെ ആംഗ്യപ്രകടനം. ഇതേകുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഇത്തരം അംസംബന്ധങ്ങള്‍ക്ക് മറുപടിയില്ലെന്നായിരുന്നു എംബാപെ പറഞ്ഞത്. എമിയുടെ പെരുമാറ്റം ഫ്രഞ്ച് ആരാധകരിലും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.