For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അരങ്ങേറ്റത്തിൽ സെക്കൻഡുകൾക്കുള്ളിൽ ഗോൾ നേടി പതിനേഴുകാരൻ, തോൽവിയറിയാതെ ബാഴ്‌സലോണ

11:40 AM Oct 23, 2023 IST | Srijith
UpdateAt: 11:40 AM Oct 23, 2023 IST
അരങ്ങേറ്റത്തിൽ സെക്കൻഡുകൾക്കുള്ളിൽ ഗോൾ നേടി പതിനേഴുകാരൻ  തോൽവിയറിയാതെ ബാഴ്‌സലോണ

മികച്ച പ്രകടനം നടത്തുന്നതിനിടയിൽ പരിക്ക് ബാഴ്‌സലോണക്ക് വലിയ തിരിച്ചടികൾ നൽകാറുണ്ട്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താക്കാനുള്ള പ്രധാന കാരണം പരിക്ക് തന്നെയായിരുന്നു. ഈ സീസണിലും പരിക്കിന്റെ തിരിച്ചടികൾ ബാഴ്‌സലോണ നേരിടുന്നുണ്ട്. നിലവിൽ ഡി ജോംഗ്, റാഫിന്യ, കൂണ്ടെ, ലെവൻഡോസ്‌കി, പെഡ്രി, സെർജി റോബർട്ടോ തുടങ്ങിയ താരങ്ങൾ പരിക്ക് കാരണം ടീമിന്റെ പുറത്താണ്.

ഇന്നലെ അത്‌ലറ്റിക് ബിൽബാവോക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ ഈ താരങ്ങളൊന്നും ഇല്ലാത്തതിനാൽ യുവത്സരങ്ങളെ സാവിക്ക് ഇറക്കേണ്ടി വന്നിരുന്നു. ഫസ്റ്റ് ടീമിൽ ഇറങ്ങേണ്ട അഞ്ചോളം താരങ്ങൾ പരിക്ക് കാരണം പുറത്തിരുന്നതിനാൽ ബാഴ്‌സലോണ മത്സരത്തിൽ ഗോൾ നേടാനും വളരെയധികം ബുദ്ധിമുട്ടി. എന്നാൽ മികച്ച പ്രതിഭകളെ ഉത്പാദിപ്പിക്കുന്ന ലാ മാസിയ അക്കാദമി ഒരിക്കൽക്കൂടി ബാഴ്‌സലോണയെ സഹായിച്ചു. അക്കാദമി താരമാണ് എഴുപത്തിയൊമ്പതാം മിനുട്ടിൽ ടീമിന്റെ വിജയഗോൾ നേടുന്നത്.

Advertisement

കഴിഞ്ഞ ലീഗ് മത്സരത്തിൽ ബെഞ്ചിലുണ്ടായിരുന്ന ബാഴ്‌സലോണ അക്കാദമി താരമായ മാർക് ഗുയോയെ എഴുപത്തിയൊമ്പതാം മിനുട്ടിലാണ് സാവി കളത്തിലിറക്കിയത്. അതിനു പിന്നാലെ പോർച്ചുഗൽ താരമായ ജോവോ ഫെലിക്‌സിന്റെ പാസ് പിടിച്ചെടുത്ത് താരം വലകുലുക്കി. ബാഴ്‌സലോണക്കായി അരങ്ങേറ്റത്തിൽ വെറും ഇരുപത്തിമൂന്നാം സെക്കന്റിലാണ് പതിനേഴുകാരനായ താരം ഗോൾ കണ്ടെത്തിയത്. ഈ ഗോളിന്റെ പിൻബലത്തിൽ ബാഴ്‌സലോണ നിർണായകമായ വിജയവും നേടി.

Advertisement

മത്സരത്തിൽ വിജയിച്ചതോടെ ഈ സീസണിൽ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞു. ഈ സീസണിൽ പത്ത് ലീഗ് മത്സരങ്ങൾ കളിച്ചതിൽ ഏഴു ജയവും മൂന്നു സമനിലയുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ടീം. ചാമ്പ്യൻസ് ലീഗിലെ രണ്ടു മത്സരങ്ങളിലും ടീം വിജയം സ്വന്തമാക്കി. ഇനി ഷാക്തറിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം ബാഴ്‌സലോണ റയൽ മാഡ്രിഡിനെ നേരിടും.

Advertisement
Advertisement
Tags :