സ്‌കലോണിയെയും താരങ്ങളെയും ഭീഷണിപ്പെടുത്തി, കടുത്ത വിമർശനവുമായി യുറുഗ്വായ് പരിശീലകൻ മാഴ്‌സലോ ബിയൽസ
കോപ്പ അമേരിക്ക കിരീടപ്പോരാട്ടത്തിന് അടുത്തെത്തി നിൽക്കെ സംഘാടകരായ കോൺമെബോളിനെതിരെ രൂക്ഷമായ വിമർശനവുമായി യുറുഗ്വായ് പരിശീലകൻ മാഴ്‌സലോ ബിയൽസ. ടൂർണമെന്റ് മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിയാതിരുന്ന അവർ അതിനെതിരെ ഉയരുന്ന വിമർശനങ്ങളെ അടിച്ചമർത്തുന്ന പ്രവണതയാണ് കാണിക്കുന്നതെന്നാണ് മാഴ്‌സലോ ബിയൽസ പറയുന്നത്.
"നിങ്ങൾ സ്റ്റേഡിയത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ഒരിക്കൽ സംസാരിച്ചു, ഒരിക്കൽക്കൂടി അതേക്കുറിച്ച് സംസാരിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും. ടീമിലെ താരങ്ങളോടും ഇതു തന്നെയാണ് അവർ പറഞ്ഞിട്ടുള്ളത്. എല്ലാവരെയും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്." മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ബിയൽസ പറഞ്ഞു.
കോൺമെബോൾ എല്ലാവാരോടും നുണ പറയുകയാണെന്നും മികച്ച രീതിയിൽ മൈതാനവും പരിശീലനഗ്രൗണ്ടും ഒരുക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. ബൊളീവിയക്ക് കൃത്യമായി പരിശീലനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇതിന്റെ തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും ബിയൽസ പറഞ്ഞു. എതിർക്കുന്നവരെ അവർ ഭീഷണിപ്പെടുത്തി നിശബ്‌ദമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
കോപ്പ അമേരിക്കയിൽ ആദ്യത്തെ മത്സരങ്ങൾക്ക് ശേഷം അർജന്റീന, ബ്രസീൽ ടീമിലെ താരങ്ങളെല്ലാം മൈതാനത്തെ കുറ്റം പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷമുള്ള മത്സരങ്ങളിൽ വലിയ പരാതികളൊന്നും ആരും പറഞ്ഞില്ല. കോൺമെബോളിന്റെ ഭീഷണിയെ തുടർന്നാണ് ഇത് സംഭവിച്ചതെന്നാണ് ബിയൽസയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.