മെസിയെ അടുത്ത ലോകകപ്പിലും ആവശ്യമുണ്ട്, പുതിയ പദ്ധതികളുമായി ലയണൽ സ്‌കലോണി
കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയക്കെതിരെയുള്ള പോരാട്ടം അർജന്റീന ജേഴ്‌സിയിൽ അവസാനത്തെ ആട്ടമാണെന്ന് ഡി മരിയ നേരത്തെ പ്രഖ്യാപിച്ചതാണ്. തന്റെ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്ന് താരം ഈ ടൂർണ്ണമെന്റിനിടെ നിരവധി തവണ വെളിപ്പെടുത്തിയതിനാൽ കഴിഞ്ഞ ദിവസം ഏഞ്ചൽ ഡി മരിയക്ക് അർജന്റീന യാത്രയയപ്പും നൽകിയിരുന്നു.
ഏഞ്ചൽ ഡി മരിയക്കൊപ്പം ലയണൽ മെസിയും അർജന്റീന ടീമിനൊപ്പമുള്ള കരിയർ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ഇപ്പോൾ പ്രഖ്യാപനം നടത്തിയാൽ ഡി മരിയക്ക് കിട്ടേണ്ട വാർത്താപ്രാധാന്യം നഷ്‌ടപ്പെടുമെന്നത് കൊണ്ടാണ് മെസി അതേക്കുറിച്ച് പറയാത്തതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മെസിയെ ഇനിയും അർജന്റീനക്ക് ആവശ്യമുണ്ടെന്നാണ് സ്‌കലോണി പറയുന്നത്.
"കോപ്പ അമേരിക്ക ഫൈനൽ ഡി മരിയയുടെ അവസാത്തെ മത്സരമാകുമെന്ന് ഉറപ്പാണ്. എന്നാൽ മെസിയുടെ കാര്യത്തിൽ അതങ്ങനെയല്ല. 2026 ലോകകപ്പിലും മെസിയെ വെച്ച് ഞങ്ങൾക്ക് പദ്ധതിയുണ്ട്, കോപ്പ അമേരിക്ക ഫൈനലിന് ശേഷം താരത്തോട് സംസാരിക്കണം. ഇനി കളി തുടരില്ല എന്നാണു തീരുമാനമെങ്കിൽ ടീമിനൊപ്പം ചേരാൻ ക്ഷണിക്കും, രാജ്യത്തിന് ഇനിയും നൽകാൻ താരത്തിന് കഴിയും." സ്‌കലോണി പറഞ്ഞു.
ഇനി കളിക്കളത്തിൽ തുടരാനില്ലെന്നാണ് മെസിയുടെ തീരുമാനമെങ്കിൽ തന്റെ കോച്ചിങ് സ്റ്റാഫായി തുടരാമെന്ന് ഓഫർ സ്‌കലോണി നേരത്തെ തന്നെ താരത്തിന് നൽകിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഇനിയും മെസി അർജന്റീന ടീമിനൊപ്പം തുടർണമെന്നാണുള്ളത്. മെസി ഇനിയും കളി തുടരണം എന്നാണു ആരാധകരും ആഗ്രഹിക്കുന്നത്.