മെസ്സിയുടെ മാന്ത്രിക അസിസ്റ്റോ, മാർട്ടിനസിന്റെ ഫിനിഷോ? ഏതാണ് മികച്ചത്? 2024ലെ അവസാന മത്സരത്തിൽ പെറുവിനെ അർജന്റീന തകർത്തത് ഇങ്ങനെ
2024ലെ അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെ 1-0 ന് തോൽപ്പിച്ച് അർജന്റീന തങ്ങളുടെ 2024 കാമ്പെയ്‌ൻ വിജയകരമായി അവസാനിപ്പിച്ചു. ശക്തമായ മത്സരത്തിൽ ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനസ് ജോഡിയാണ് ഒരിക്കൽക്കൂടി ആൽബിസെലസ്റ്റകളുടെ രക്ഷക്കെത്തിയത്. 55-ാം മിനിറ്റിൽ മെസ്സിയുടെ പാസിൽ മാർട്ടീനസാണ് വിജയഗോൾ നേടിയത്..
പെറുവിയൻ പ്രതിരോധനിരയുടെ കടുത്ത മാർക്കിംഗിനിടയിലും, മെസ്സി മാർട്ടിനസിന് കൃത്യമായ ഒരു ഏരിയൽ ക്രോസ് നൽകി, മാർട്ടിനസ് ആസാധാരണമികവോടെ പിന്നിലേക്ക് ചാഞ്ഞു പന്ത് വലയുടെ മുകളിലെ കോണിലേക്ക് വോളി തൊടുത്തു… അർജന്റീനയുടെ ആധിപത്യത്തിന് അർഹിച്ച പ്രൗഢിയോടെ ഒരു മനോഹരമായ ഗോൾ.
ഗോൾ വീഡിയോ കാണാം
LAUTARO MARTÍNEZ, QUÉ ESCÁNDALO. 🤯🇦🇷pic.twitter.com/29UU3VGMsk
— Sudanalytics (@sudanalytics_) November 20, 2024
ഈ അസിസ്റ്റ് നേടിയതോടെ പുരുഷ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ ലാൻഡൻ ഡൊണോവന്റെ റെക്കോർഡിനൊപ്പം (58) മെസ്സി എത്തി. അർജന്റീനയുടെ കുപ്പായത്തിൽ മാർട്ടിനസിന്റെ 32-ാം ഗോളാണിത്.. ഇതോടെ രാജ്യത്തിനായി എക്കാലത്തെയും മികച്ച സ്കോറർമാരുടെ പട്ടികയിൽ ഡീഗോ മറഡോണയ്ക്കൊപ്പം അഞ്ചാം സ്ഥാനത്തെത്താനും താരത്തിനായി.
വിജയം കോൺമെബോൾ ലോകകപ്പ് യോഗ്യതാ പട്ടികയിൽ 25 പോയിന്റുമായി അർജന്റീനയുടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു, രണ്ടാം സ്ഥാനത്തുള്ള ഉറുഗ്വായേക്കാൾ അഞ്ച് പോയിന്റ് മുന്നിലാണ് നിലവിൽ അർജന്റീന. 2025 മാർച്ചിൽ ഉറുഗ്വായ്‌ക്കെതിരായ പോരാട്ടത്തോടെ മെസ്സിയും കൂട്ടരും യോഗ്യതാ കാമ്പെയ്‌ൻ പുനരാരംഭിക്കും.