ലോകകപ്പിൽ അർജന്റീനയെ ബുദ്ധിമുട്ടിച്ച മത്സരമേത്, ലയണൽ മെസി പറയുന്നു
നിരവധി പരീക്ഷണങ്ങളെ മറികടന്നാണ് അർജന്റീന ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത്. മുപ്പത്തിയാറു മത്സരങ്ങളിൽ അപരാജിതരായി ലോകകപ്പിനെത്തിയ അർജന്റീന ആദ്യമത്സരത്തിൽ തന്നെ തോൽവി വഴങ്ങിയതോടെ ടീം മുന്നോട്ടു പോകില്ലെന്ന് പലരും വിധിയെഴുതി. ലോകകപ്പ് പോലെയൊരു ടൂർണമെന്റിൽ കിരീടം നേടാനുള്ള കരുത്തൊന്നും അർജന്റീനയ്ക്കില്ലെന്നും നിരവധി ആളുകൾ അഭിപ്രായപ്പെട്ടു.
ആദ്യമത്സരത്തിനു ശേഷം പിന്നീട് ശ്രദ്ധാപൂർവം കളിച്ച അർജന്റീന പിന്നീട് നടന്ന ഓരോ മത്സരത്തിലും വിജയം നേടി ഖത്തറിൽ കിരീടം നേടുകയായിരുന്നു. അതിൽ അർജന്റീനയെ ബുദ്ധിമുട്ടിച്ച മത്സരങ്ങളുമുണ്ടായിട്ടുണ്ട്. ഹോളണ്ടിനെതിരായ ക്വാർട്ടറിലും ഫ്രാൻസിനെതിരെ നടന്ന ഫൈനലിലും വിജയത്തിന്റെ തൊട്ടരികിൽ നിന്നും സമനില വഴങ്ങി പിന്നീട് ഷൂട്ടൗട്ടിൽ വിജയം നേടുകയായിരുന്നു അർജന്റീന.
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ലോകകപ്പിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം ലയണൽ മെസി വെളിപ്പെടുത്തുകയുണ്ടായി. ഹോളണ്ടിനെതിരായ ക്വാർട്ടർ ഫൈനലും ഫ്രാൻസിനെതിരായ ഫൈനലുമായിരിക്കും നിരവധി ആരാധകരെ സംബന്ധിച്ച് അർജന്റീനയുടെ ബുദ്ധിമുട്ടേറിയ മത്സരങ്ങൾ എന്നാൽ മെസിയെ സംബന്ധിച്ച് മെക്‌സിക്കോക്കെതിരെ നടന്ന ഗ്രൂപ്പ് മത്സരമാണ് ഏറ്റവും ബുദ്ധിമുട്ടിയത്.
"മെക്‌സിക്കോക്കെതിരായ ലോകകപ്പ് മത്സരമായിരുന്നു ഏറ്റവുമധികം ബുദ്ധിമുട്ടിയത്, ഞങ്ങളതിൽ മോശമായാണ് കളിക്കുകയും ചെയ്‌തത്. എന്തു തന്നെ സംഭവിച്ചാലും വിജയം നേടണമെന്നതിനാൽ ഞങ്ങളതിൽ വ്യത്യസ്‌തമായ രീതിയിലാണ് കളിച്ചത്. എന്നാൽ ഞങ്ങൾ മികച്ച പ്രകടനം നടത്തുമെന്നും ടൂർണമെന്റിൽ മുന്നേറുമെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു." മെസി പറഞ്ഞു.
ആദ്യമത്സരം തോറ്റ അർജന്റീനയുടെ രണ്ടാമത്തെ മത്സരമായിരുന്നു മെക്‌സിക്കോക്കെതിരെ നടന്നത്. ആദ്യപകുതിയിൽ അവസരങ്ങളുണ്ടാക്കാൻ ബുദ്ധിമുട്ടിയ അർജന്റീന രണ്ടാം പകുതിയിൽ മെസിയുടെ ഗോളിലൂടെ മുന്നിലെത്തി. അതിനു ശേഷം എൻസോ ഫെർണാഡസ് കൂടി ഗോൾ നേടിയതോടെ അർജന്റീന വിജയമുറപ്പിച്ചു. ആ ഗോളും വിജയവും തന്നെയാണ് പിന്നീട് അർജന്റീന ആത്മവിശ്വാസത്തോടെ മുന്നേറാൻ സഹായിച്ചത്.