ഇതുവരെ നേടാതിരുന്ന ഗോൾ നിർണായക മത്സരത്തിനായി കാത്തു വെച്ച് ലയണൽ മെസി, ഒപ്പം കളിയിലെ താരവും
കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനയുടെ തുടക്കം കുഴപ്പമില്ലാത്ത രീതിയിലായിരുന്നെങ്കിലും ചില മത്സരങ്ങളിൽ ടീം പാളിച്ചകൾ കാണിച്ചിരുന്നു. ചിലിക്കെതിരെ പതറിയതിനു ശേഷം അവസാന മിനുട്ടിൽ ഗോളടിച്ചു വിജയം നേടിയതും ഇക്വഡോറിനെതിരെ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങുമെന്ന് തോന്നിപ്പിച്ച പ്രകടനമെല്ലാം അർജന്റീനയുടെ പോരായ്‌മകൾ എടുത്തു കാണിച്ചിരുന്നു.
ലയണൽ മെസിയുടെ മോശം പ്രകടനവും അതിനൊപ്പം ചർച്ചയായതാണ്. ചിലിക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് അടുത്ത മത്സരത്തിൽ പുറത്തിരുന്ന താരം ഇക്വഡോറിനെതിരെ മോശം പ്രകടനം നടത്തുകയും ഷൂട്ടൗട്ടിൽ ഒരു പെനാൽറ്റി നഷ്‌ടമാക്കുകയും ചെയ്‌തു. ക്വാർട്ടർ ഫൈനൽ വരെ മൂന്നു മത്സരങ്ങളിൽ ഇറങ്ങിയ താരം ഒരു ഗോൾ പോലും നേടിയിരുന്നില്ല.
എന്നാൽ സെമി ഫൈനലിൽ പരിക്കിൽ നിന്നും പൂർണമായും മുക്തനായി ഇറങ്ങിയ മെസി തന്റെ പ്രതിഭ വീണ്ടും പുറത്തെടുത്തു. കാനഡ ആദ്യഘട്ടങ്ങളിൽ ഒന്ന് വിറപ്പിച്ചെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന അർജന്റീന പിന്നീട് കളിയുടെ ഗതി വീണ്ടെടുത്തു. ലയണൽ മെസി ഒരിക്കൽക്കൂടി ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുത്തപ്പോൾ ടൂർണമെന്റിലെ ആദ്യത്തെ ഗോളും താരം സ്വന്തമാക്കി.
ഇന്നലത്തെ മത്സരത്തിലെ മികച്ച പ്രകടനം കളിയിലെ താരമായും ലയണൽ മെസി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിലെ മുൻപുള്ള മത്സരത്തിൽ മികച്ച പ്രകടനം നടത്താനും കളിയിലെ താരമാകാനും മെസിക്ക് കഴിഞ്ഞത് വലിയ കാര്യം തന്നെയാണ്. ഇത് കലാശപ്പോരാട്ടത്തിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് ആത്മവിശ്വാസം നൽകും.