ഇത് ചരിത്രം, ബ്രസീലിനേയും തകര്‍ത്ത് മൊറോക്കോ പടയോട്ടം
ഖത്തര്‍ ലോകകപ്പിലെ ചരിത്രകുതിപ്പ് ലോട്ടറി അല്ലെന്ന് തെളിയിച്ച് അഫ്രിന്‍ന്‍ വിസ്മയമായ അറ്റ്‌ലസ് ലയണ്‍. സൗഹൃദ മത്സരത്തില്‍ ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലിനേയാണ് മൊറോക്കോ തോല്‍പിച്ചത് വീണു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ മഞ്ഞപ്പടയെ തോല്‍പ്പിച്ചത്.
മൊറോക്കോ ചരിത്രത്തിലാദ്യമായാണ് ബ്രസീലിനെ പരാജയപ്പെടുത്തുന്നത്. സുഫിയാന്‍ ബൗഫല്‍ (29ാം മിനിറ്റില്‍), അബ്ദുല്‍ ഹമീദ് സബീരി (79ാം മിനിറ്റില്‍) എന്നിവര്‍ മൊറോക്കോക്കു വേണ്ടി ഗോളുകള്‍ നേടി. നായകന്‍ കാസെമിറോയുടെ (67ാം മിനിറ്റല്‍) വകയായിരുന്നു മഞ്ഞപ്പടയുടെ ആശ്വാസ ഗോള്‍.
സ്വന്തം തട്ടകമായ തുഞ്ചയിലെ ഇബ്ന്‍ ബത്തൂത്ത സ്റ്റേഡിയത്തില്‍ 65,000ത്തിലധികം കാണികള്‍ക്കു മുന്നില്‍ ബ്രസീലിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച അവര്‍ സ്വതസിദ്ധമായ ശൈലിയിലാണ് പന്തു തട്ടിയത്.
ലോകകപ്പില്‍ നിര്‍ത്തിയിടത്തു നിന്ന് തുടങ്ങിയ മൊറോക്കോയുടെ പ്രത്യാക്രമണങ്ങളും പ്രഷര്‍ ഗെയിമും എതിര്‍ ഗോള്‍മുഖം പലപ്പോഴും വിറപ്പിച്ചു. താല്‍ക്കാലിക മാനേജര്‍ റമോണ്‍ മെനസസിന്റെ കീഴില്‍ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ബ്രസീലിന്റേത്. പരിക്കേറ്റ നെയ്മറിന്റെ അഭാവത്തില്‍ റയല്‍ മഡ്രിഡ് താരം റോഡ്രിഗോ ആണ് പത്താം നമ്പര്‍ ജഴ്സിയണിഞ്ഞത്. എഡേഴ്സണു പകരം വെവര്‍ട്ടന്‍ വലകാത്തു.
അതേസമയം, ലോകകപ്പിലെ മിന്നും താരങ്ങളില്‍ മിക്കവരെയും ഉള്‍പ്പെടുത്തിയാണ് വലീദ് റഗ്റാഗി അഫ്രിക്കന്‍ സംഘത്തെ കളത്തിലിറക്കിയത്. പന്തടക്കത്തിലും ഷോട്ട് ഉതിര്‍ക്കുന്നതിലും ബ്രസീലിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, കൂട്ടത്തോടെയുള്ള മൊറോക്കന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ബ്രസീല്‍ സംഘം വട്ടംകറങ്ങുന്നതാണ് കണ്ടത്. വിങ്ങര്‍ വിനീഷ്യസ് ജൂനിയറിനെ പിടിച്ചുകെട്ടുന്നതിലും ആഫ്രിക്കന്‍ സംഘം വിജയിച്ചു