പതിനാലു വർഷത്തെ കരിയറിന് അവസാനം, കരിം ബെൻസിമ റയൽ മാഡ്രിഡ് വിട്ടു
റയൽ മാഡ്രിഡ് ആരാധകർ ഒരിക്കലും ആഗ്രഹിക്കാത്ത വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പതിനാലു വർഷമായി ടീമിനൊപ്പമുള്ള ക്ലബിന്റെ സ്‌ട്രൈക്കർ കരിം ബെൻസിമ ഈ സീസണോടെ ടീം വിടുമെന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ടു നിരവധി ദിവസങ്ങളായി തുടർന്ന് അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായിരിക്കുകയാണ്.
കുറച്ചു ദിവസങ്ങളായി കരിം ബെൻസിമയുടെ ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് സജീവമായിരുന്നു. സൗദി അറേബ്യയിൽ നിന്നുള്ള ഓഫർ ലഭിച്ചതിനാൽ താരം റയൽ മാഡ്രിഡ് വിടാനൊരുങ്ങുകയാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താരവും റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടിയും ഇത് നിരാകരിക്കുന്ന തരത്തിൽ പ്രതികരിച്ചതോടെ ആരാധകർക്ക് ചെറിയൊരു പ്രതീക്ഷ വന്നു.
എന്നാൽ ഇന്ന് റയൽ മാഡ്രിഡ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതോടെ ആരാധകർക്ക് വലിയ നിരാശയാണ് വന്നിരിക്കുന്നത്. 2009ൽ ടീമിലെത്തിയ താരത്തിനു പകരക്കാരനായി ഒരു സ്‌ട്രൈക്കറെ സ്വന്തമാക്കേണ്ട ആവശ്യം റയൽ മാഡ്രിഡിന് ഇതുവരെ ഉണ്ടായിട്ടില്ല. അപ്രതീക്ഷിതമായി കരിം ബെൻസിമ ക്ലബ് വിട്ടതോടെ മികച്ചൊരു സ്‌ട്രൈക്കറെ തന്നെ റയൽ മാഡ്രിഡിന് സ്വന്തമാക്കേണ്ടി വരും.
ക്രിസ്റ്റ്യാനോ റൊണാൾഡോ യുഗത്തിൽ താരത്തിന് സ്‌പേസുകൾ ഒരുക്കി നൽകി കളിച്ചിരുന്ന കരിം ബെൻസിമ റൊണാൾഡോ പോയതോടെ ടീമിന്റെ കുന്തമുനയായി മാറി. ഗംഭീര പ്രകടനം നടത്തിയ താരം സിദാന് ശേഷം ബാലൺ ഡി ഓർ സ്വന്തമാക്കുന്ന ആദ്യത്തെ ഫ്രഞ്ച് താരമെന്ന നേട്ടവും റയൽ മാഡ്രിഡിനൊപ്പം സ്വന്തമാക്കിയിരുന്നു. റയൽ മാഡ്രിഡ് കരിയറിൽ ഇരുപത്തിയഞ്ചു കിരീടങ്ങൾ സ്വന്തമാക്കിയ ബെൻസിമ ഇനി സൗദി ലീഗിലാവും കളിക്കുന്നുണ്ടാവുക.