സമനിലയിൽ കുരുങ്ങി റയൽ മാഡ്രിഡ്, ലാ ലീഗയിൽ ജിറോണയുടെ കുതിപ്പ് തുടരുന്നു
റയോ വയ്യക്കാനൊക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ സമനില വഴങ്ങി ലാ ലീഗയിലെ വമ്പന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കഴിവിന്റെ പരമാവധി ശ്രമം നടത്തിയെങ്കിലും പ്രതിരോധത്തിൽ ഉറച്ചു നിന്ന റയോ വയ്യക്കാനോ ഗോളുകളൊന്നും നേടാൻ അവരെ അനുവദിച്ചില്ല. ഇതോടെ ലാ ലീഗയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാമെന്ന റയൽ മാഡ്രിഡ് ടീമിന്റെ പ്രതീക്ഷകൾ ഇല്ലാതായി.
അതേസമയം റയൽ മാഡ്രിഡ് സ്വന്തം മൈതാനത്ത് സമനിലയിൽ കുരുങ്ങിയതോടെ ലീഗിൽ ജിറോണ എഫ്‌സിയുടെ കുതിപ്പ് തുടരുകയാണ്. പന്ത്രണ്ടു മത്സരങ്ങൾ ലീഗിൽ പൂർത്തിയായപ്പോൾ ജിറോണ എഫ്‌സിയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. പന്ത്രണ്ടു മത്സരങ്ങളിൽ നിന്നും നേടാൻ സാധ്യമായ മുപ്പത്തിയാറു പോയിന്റിൽ മുപ്പത്തിയൊന്നും സ്വന്തമാക്കിയ അവർ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ റയൽ മാഡ്രിഡ് ഇരുപത്തിയൊമ്പതു പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്തു നിൽക്കുന്നു.
മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പിന്റെ കീഴിലുള്ള ജിറോണ എഫ്‌സി ഈ സീസണിൽ ലാ ലിഗയിൽ അവിശ്വസനീയമായ കുതിപ്പാണ് നടത്തുന്നത്. ഹ്യുവെസ്‌കയിൽ നിന്നും 2021ൽ ടീമിലെത്തിയ പരിശീലകനായ മൈക്കലിന്റെ കീഴിൽ ലീഗിലെ വമ്പന്മാരെ അട്ടിമറിച്ച് അവർ കിരീടം നെടുമോയെന്ന സംശയം ആരാധകർക്കിടയിൽ ഉയരുന്നുണ്ട്. ആറു ഗോളുകൾ നേടിയ ഡോവ്ബിക്കും നാല് അസിസ്റ്റുകൾ സ്വന്തമാക്കിയ അലക്‌സ് ഗാർസ്യയുമാണ് ടീമിന്റെ പ്രകടനത്തിലെ നിർണായക ശക്തികൾ.
ജിറോണയും റയൽ മാഡ്രിഡും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഇരുപത്തിയേഴു പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണ്. ഒരു മത്സരം കുറവ് കളിച്ച് ഇരുപത്തിയഞ്ചു പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്തു നിൽക്കുന്നു. പ്രധാന താരങ്ങൾ ഒന്നുമില്ലാതെയാണ് ഈ കുതിപ്പ് ജിറോനാ ലീഗിൽ നടത്തുന്നത്. ലൈസ്റ്റർ സിറ്റി പ്രീമിയർ ലീഗ് നേടിയത് പോലെയൊരു പ്രകടനം അവരിൽ നിന്നുമുണ്ടായാലും ആശ്ചര്യപ്പെടാൻ കഴിയില്ല.