കയ്യിലിരുന്നത് കോടികൾ, സൂപ്പർതാരത്തെ ഒഴിവാക്കിയത് ബുദ്ധിപരമായ നീക്കം
ചെൽസിയിൽ നിന്നും വലിയ പ്രതീക്ഷകളോടെയാണ് ബെൽജിയൻ സൂപ്പർതാരം ഈഡൻ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് 2019ൽ ചേക്കേറിയത്. അക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്ന ഹസാർഡിന്റെ വരവ് റയൽ മാഡ്രിഡ് ആരാധകർ ആഘോഷപൂർവം ഏറ്റെടുത്ത ഒന്നായിരുന്നു. എന്നാൽ അവരുടെ പ്രതീക്ഷകളെല്ലാം തെറ്റുന്നതാണ് അതിനു ശേഷം കണ്ടത്.
അമിതഭാരവുമായി റയൽ മാഡ്രിഡിലേക്ക് വന്ന ഈഡൻ ഹസാർഡിനു പിന്നീടൊരിക്കലും തന്റെ മികവ് കാണിക്കാൻ കഴിഞ്ഞില്ല. താരം മെച്ചപ്പെടുമെന്ന് ഓരോ സീസണിലും ആരാധകർ പ്രതീക്ഷിച്ചെങ്കിലും നാല് സീസൺ കഴിഞ്ഞിട്ടും അതുണ്ടായില്ല. ടീമിൽ പകരക്കാരുടെ നിരയിലേക്ക് ബെൽജിയൻ താരം പിന്തള്ളപ്പെട്ടു. കഴിഞ്ഞ ദിവസം താരം ക്ലബ് വിടുകയാണെന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.
ഒരു സീസൺ കൂടി കരാർ ബാക്കി നിൽക്കെയാണ് ഈഡൻ ഹസാർഡിനെ റയൽ മാഡ്രിഡ് ഒഴിവാക്കുന്നത്. ക്ലബിനൊപ്പം തുടരാൻ തീരുമാനിച്ച താരത്തെ ഒഴിവാക്കുന്നതിലൂടെ വലിയ തുകയാണ് റയൽ മാഡ്രിഡ് ലാഭിച്ചിരിക്കുന്നത്. റയൽ മാഡ്രിഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ ഹസാർഡ് അതിൽ ഒരു ഭാഗം ത്യജിച്ച് ക്ലബ് വിടുന്നതിലൂടെ ഏഴു മില്യൺ യൂറോ (61 കോടി രൂപയോളം) റയൽ മാഡ്രിഡ് ലാഭിച്ചുവെന്ന് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തുന്നു.
റയൽ മാഡ്രിഡിന് വേണ്ടി സ്ഥിരമായി കളിക്കാനും മികച്ച പ്രകടനം നടത്താനും കഴിഞ്ഞില്ലെങ്കിലും തന്റെ കരിയറിന് പൂർണത നൽകിയാണ് ഹസാർഡ് ക്ലബ് വിടുന്നത്. നാല് വർഷത്തെ കരിയറിൽ ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, രണ്ടു ലീഗ്, യൂറോപ്യൻ സൂപ്പർ കപ്പ്, കോപ്പ ഡെൽ റേ, സ്‌പാനിഷ് സൂപ്പർ കപ്പ് എന്നീ നേട്ടങ്ങൾ ഹസാർഡ് സ്വന്തമാക്കി. താരം ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.