ആൻസലോട്ടി ബ്രസീലിലേക്ക് പോയാൽ പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്
റയൽ മാഡ്രിഡും കാർലോ ആൻസലോട്ടിയും തമ്മിൽ ഇനി ഒരു വർഷത്തെ കരാർ മാത്രമാണ് ബാക്കിയുള്ളത്. റയൽ മാഡ്രിഡിലേക്കുള്ള രണ്ടാം വരവിൽ മികച്ച നേട്ടങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ കോപ്പ ഡെൽ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളു എങ്കിലും അതിനു മുൻപത്തെ സീസണിൽ ചാമ്പ്യൻസ് ലീഗും ലീഗും അദ്ദേഹം നേടിക്കൊടുത്തു. റയൽ മാഡ്രിഡിനൊപ്പം ആൻസലോട്ടി നേടുന്ന രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു അത്.
ആൻസലോട്ടിയെ സ്വന്തമാക്കാൻ ബ്രസീൽ സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. അടുത്ത ലോകകപ്പ് ലക്ഷ്യമിടുന്ന അവർ ടീമിന്റെ പരിശീലകനായി ആൻസലോട്ടി എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. റയൽ മാഡ്രിഡിനൊപ്പം ഒരു സീസൺ കൂടി തുടരാൻ തീരുമാനം എടുത്ത ആൻസലോട്ടി കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. ഇതുവരെ ഒരു ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടില്ലാത്ത അദ്ദേഹം ആ വഴിക്കു തന്നെ ചിന്തിക്കാനാണ് സാധ്യത.
Real Madrid are planning to appoint Xabi Alonso as their new head coach in 2024, according to BILD ⚪️ pic.twitter.com/L9K99rtCP4
— GOAL (@goal) June 21, 2023
ആൻസലോട്ടി ക്ലബ് വിടാനുള്ള സാധ്യത റയൽ മാഡ്രിഡ് മുന്നിൽ കാണുന്നുണ്ട്. തന്റെ പ്രധാന പരിഗണന റയൽ മാഡ്രിഡിനാണെന്ന് അദ്ദേഹം പറയുമ്പോഴും ബ്രസീലിന്റെ പരിശീലകസ്ഥാനം 2024ൽ അദ്ദേഹം ഏറ്റെടുക്കാനുള്ള സാധ്യത വ്യക്തമാണ്. ആൻസലോട്ടി റയൽ മാഡ്രിഡ് വിടുകയാണെങ്കിൽ പകരക്കാരൻ ആരാകുമെന്ന കാര്യത്തിൽ ക്ലബിന് വ്യക്തതയുണ്ട്. മുൻ താരമായ സാബി അലോൻസോയെ പരിശീലകനായി എത്തിക്കാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്.
റയൽ മാഡ്രിഡിനായി ഇരുനൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള സാബി അലോൺസോ ക്ലബിന്റെ യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു. അതിനു ശേഷം സോസിഡാഡ് ബി ടീമിനെയും പരിശീലിപ്പിച്ച അദ്ദേഹം ഇപ്പോൾ ജർമൻ ക്ലബ് ബയേർ ലെവർകൂസൻറെ പരിശീലകനാണ്. മോശം ഫോമിലായിരുന്നു ലെവർകൂസനെ യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുത്ത് ശ്രദ്ധിക്കപ്പെട്ട അലോൺസോ റയൽ മാഡ്രിഡിൽ എത്തിയാൽ ക്ലബ്ബിനതൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.