മുൻ സഹതാരങ്ങളോട് ഒരു മയവും കാണിച്ചില്ല, റാമോസിനെന്ത് റയൽ മാഡ്രിഡ്
റയൽ മാഡ്രിഡ് വിട്ടതിനു ശേഷം റാമോസ് ആദ്യമായി റയൽ മാഡ്രിഡിനെതിരെ കളിച്ച മത്സരമായിരുന്നു ഇന്നലെ നടന്നത്. റയൽ മാഡ്രിഡ് വിട്ടതിനു ശേഷം ആദ്യം പിഎസ്‌ജിയിലേക്ക് ചേക്കേറിയ റാമോസ് രണ്ടു വർഷം അവിടെ കളിച്ചതിനു ശേഷം ക്ലബ് വിട്ടിരുന്നു. അതിനു ശേഷം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനമാണ് താരം തന്റെ മുൻ ക്ലബായ സെവിയ്യയിൽ എത്തിയത്. സെവിയ്യക്കൊപ്പം മികച്ച പ്രകടനമാണ് താരം നടത്തുന്നത്.
ഇന്നലെ സെവിയ്യയും റയൽ മാഡ്രിഡും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ കളിയിലെ താരമാകുന്ന പ്രകടനമാണ് തന്റെ മുൻ ക്ലബിനെതിരെ റാമോസ് കാഴ്‌ച വെച്ചത്. രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ റയൽ മാഡ്രിഡ് മുന്നേറ്റനിരയിലെ പ്രധാന താരങ്ങളായിരുന്ന വിനീഷ്യസിനെയും റോഡ്രിഗോയെയും പൂട്ടാൻ റാമോസിന് കഴിഞ്ഞു. സെവിയ്യ മത്സരത്തിൽ മുന്നിലെത്തിയതിനു ശേഷം കാർവാഹാളാണ് റയൽ മാഡ്രിഡിനായി സമനില ഗോൾ കുറിച്ചത്.
തന്റെ മുൻ ക്ലബിനെതിരെ കടുത്ത അടവുകൾ പുറത്തെടുക്കാൻ യാതൊരു മടിയും കാണിക്കാതിരുന്ന റാമോസ് മത്സരത്തിൽ റയൽ മാഡ്രിഡ് താരങ്ങളെ നല്ല രീതിയിൽ പ്രകോപിപ്പിക്കുകയും ചെയ്‌തിരുന്നു. മത്സരത്തിനിടയിൽ റയൽ മാഡ്രിഡിന്റെ പ്രതിരോധതാരമായ അന്റോണിയോ റുഡിഗറുടെ കവിളത്തു പിടിച്ച് ചിരിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയൊരു ബലപ്രയോഗം നടത്തിയ താരം ഇടക്കു വെച്ചൊരു സംഘർഷത്തിനിടയിൽ വിനീഷ്യസിനെ തള്ളി മാറ്റുന്നതും കണ്ടു.
അതേസമയം മത്സരത്തിനു ശേഷം റാമോസിനെക്കുറിച്ച് ട്രോളുകൾക്ക് യാതൊരു കുറവുമില്ല. ഇന്നലത്തെ മത്സരത്തോടെ റാമോസ് ബാഴ്‌സലോണയുടെ ഇതിഹാസതാരമായി മാറിയെന്നാണ് ആരാധകർ തമാശരൂപത്തിൽ പറയുന്നത്. ബാഴ്‌സലോണക്കെതിരെ നടന്ന മത്സരത്തിൽ സെൽഫ് ഗോൾ അടിച്ചതും ഗാവിയെ സ്നേഹത്തോടെ പുണർന്ന് സംസാരിച്ചതുമെല്ലാമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. രണ്ടു സീസൺ മെസിയുടെ കൂടെ കളിച്ചതിന്റെ മാറ്റമാണിതെന്നും ആരാധകർ പറയുന്നു.