ലോകകപ്പ് നേടിയ അർജന്റീന താരങ്ങളെ പോലും വേണ്ട, സ്‌ക്വാഡിലെ എല്ലാ കളിക്കാരെയും വിൽക്കാൻ തയ്യാറായി സ്‌പാനിഷ് ക്ലബ് സെവിയ്യ
യൂറോപ്പ ലീഗിലെ രാജാക്കന്മാർ തങ്ങളാണെന്ന് ഒരിക്കൽക്കൂടി കഴിഞ്ഞ സീസണിൽ തെളിയിക്കാൻ സ്‌പാനിഷ് ക്ലബായ സെവിയ്യക്ക് കഴിഞ്ഞിരുന്നു. ഇറ്റാലിയൻ ക്ലബായ റോമയുമായി നടന്ന ഫൈനലിൽ പിന്നിൽ നിന്നതിനു ശേഷം തിരിച്ചടിച്ച് ഒടുവിൽ ഷൂട്ടൗട്ടിലാണ് വിജയം സ്വന്തമാക്കിയത്. ഏഴാമത്തെ തവണയാണ് സെവിയ്യ യൂറോപ്പ ലീഗ് നേടുന്നത്.
ലീഗിൽ പന്ത്രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീം യൂറോപ്പ ലീഗ് കിരീടം നേടിയതോടെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നു. എന്നാൽ ഈ നേട്ടങ്ങളുടെ ഇടയിലും ടീമിലെ എല്ലാ താരങ്ങളെയും വിൽപ്പനക്ക് വെക്കാൻ ക്ലബ് തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതു താരങ്ങൾക്ക് ഓഫർ വന്നാലും അത് തങ്ങൾ പരിഗണിക്കുമെന്ന് ക്ലബ് ഉടമ പരിശീലകനെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ക്ലബിന്റെ മുന്നിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഈ തീരുമാനമെടുക്കാൻ സെവിയ്യയെ പ്രേരിപ്പിച്ചത്. തൊണ്ണൂറു മില്യൺ യൂറോയാണ് ക്ലബിന്റെ മുന്നിലുള്ള കടമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതെങ്കിലും കുറച്ചു താരങ്ങളെ വിറ്റാൽ ഈ തുക കണ്ടെത്താൻ കഴിയുമെങ്കിലും ഏതു താരത്തെയും വിൽക്കാമെന്ന നിലപാടിലാണ് സ്‌പാനിഷ് ടീം ഇപ്പോഴുള്ളത്.
ലോകകപ്പ് നേടിയ അർജന്റീന ടീമിലുണ്ടായിരുന്ന മൂന്നു താരങ്ങൾ കളിക്കുന്ന ക്ലബാണ് സെവിയ്യ. ഫുൾ ബാക്കുകളായ മാർക്കോസ് അക്യൂന, ഗോൺസാലോ മോണ്ടിയാൽ എന്നിവർക്ക് പുറമെ മധ്യനിര താരം പപ്പു ഗോമസും ടീമിലുണ്ട്. അതിനു പുറമെ ഒകാമ്പോസ്, എറിക് ലാമെല എന്നീ അർജന്റീന താരങ്ങളും സെവിയ്യ ടീമിന്റെ ഭാഗമാണ്.