പരിശീലകനെ പുറത്താക്കി, അടുത്ത നിര്‍ണ്ണായക നീക്കവുമായി ഖത്തര്‍
ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഖത്തര്‍ പരിശീലകന്‍ ഫെലിക്‌സ് സാഞ്ചസിനെ പുറത്താക്കാന്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനം. സ്പാനിഷുകാരനായ കോച്ചിന് കീഴിലിറങ്ങിയ ആതിഥേയ ടീം ഒരു മത്സരം പോലും ജയിക്കാതെയാണ് പുറത്തായത്.
വലിയ പ്രതീക്ഷയോടെ ദീര്‍ഘകാലമായി നടത്തിയ തയാറെടുപ്പുകളൊന്നും കളിക്കളത്തില്‍ പ്രതിഫലിപ്പിക്കാന്‍ കോച്ചിനും കളിക്കാര്‍ക്കുമായില്ല. ഇതോടെയാണ് സാഞ്ചസിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചത്.
2006ല്‍ ആസ്പയര്‍ അക്കാദമിയിലൂടെ ഖത്തറിലെത്തിയ സ്പാനിഷ് കോച്ച് ഖത്തറിലെ പലതാരങ്ങളേയും കണ്ടെത്തിയത്. 2013 വരെ ആസ്പയറില്‍ തുടര്‍ന്ന അദ്ദേഹം 2013 മുതല്‍ 2017 വരെ ഖത്തര്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായി. 2017ലാണ് ഖത്തര്‍ ദേശീയടീം പരിശീലക സ്ഥാനമേറ്റെടുക്കുന്നത്.
2019ല്‍ ഖത്തര്‍ ഏഷ്യാകപ്പ് കിരീടം നേടിയതും ഇതേ പരിശീലകന് കീഴിലാണ്. യൂത്ത് ടീമിനൊപ്പം അണ്ടര്‍ 19 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പും നേടികൊടുത്ത സാഞ്ചസ് ബാഴ്‌സലോണ യൂത്ത് ടീമിനെ പരിശീലിച്ചുകൊണ്ടാണ് ശ്രദ്ധയാകര്‍ഷിച്ചത്.
ക്ലബ് തലത്തിലും ജൂനിയര്‍തലത്തിലും നടത്തിയ മികവ് ലോകകപ്പിലേക്ക് കൊണ്ടുവരാന്‍ പരിശീലകനായില്ല. ലോകകപ്പില്‍ ആദ്യമത്സരത്തില്‍ ഇതുവരെ ആതിഥേയടീം തോല്‍വിനേരിട്ടില്ലെന്ന പ്രത്യേകതകൂടിയാണ് ആദ്യമത്സരത്തില്‍ ഇക്വഡോറിനോട് തോല്‍വിവഴങ്ങിയതോടെ ഖത്തര്‍ മറികടന്നത്.
ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ കീഴടങ്ങിയത്. ഗ്രൂപ്പിലെ മറ്റുമത്സരങ്ങളില്‍ സെനഗലിനോടും നെതര്‍ലാന്‍ഡിനോടും തോറ്റ ഏഷ്യന്‍ടീം ഗ്രൂപ്പിലെ അവസാനസ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.