നെയ്‌മർ ബാഴ്‌സലോണയുടെ പദ്ധതികളിലേയില്ല, ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് സാവി
അടുത്ത സീസണിൽ എന്തായാലും ടീമിനൊപ്പം ഉണ്ടാകുമെന്നു പ്രതീക്ഷിച്ച ലയണൽ മെസി ക്ലബ്ബിലേക്ക് വരില്ലെന്ന തീരുമാനമെടുത്തതിന്റെ നിരാശയിലാണ് ബാഴ്‌സലോണ ആരാധകർ. മുപ്പത്തിയഞ്ചാം വയസിലും ഗംഭീരപ്രകടനം നടത്തുന്ന താരം ബാഴ്‌സലോണയിൽ ഒന്നോ രണ്ടോ സീസൺ കൂടി കളിച്ചതിനു ശേഷം യൂറോപ്പ് വിടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും താരം ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനമാണ് എടുത്തത്.
അതിനിടയിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നില്ലെന്ന തീരുമാനം എടുത്തതിനു പിന്നാലെ ക്ലബ്ബിലേക്ക് വരാൻ മുൻ താരമായ നെയ്‌മർ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിഎസ്‌ജി ആരാധകർ താരത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിൽ സമ്മറിൽ ക്ലബ് വിടാൻ ബ്രസീലിയൻ താരം ആലോചിക്കുന്നതു കൊണ്ടാണ് ഇങ്ങനൊരു നീക്കം നടത്തിയത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങളെയും പരിശീലകൻ സാവി പൂർണമായും തള്ളിക്കളഞ്ഞു. ഈ വാർത്തകൾ തനിക്ക് അത്ഭുതമാണ് നൽകിയതെന്നു പറഞ്ഞ സാവി നെയ്‌മർ തങ്ങളുടെ പദ്ധതികളിൽ തന്നെ ഇല്ലെന്ന് വ്യക്തമാക്കി. ഒരു സുഹൃത്ത് എന്ന നിലയിൽ നെയ്‌മറെ ഇഷ്ടമാണെന്നു പറഞ്ഞ അദ്ദേഹം ബാഴ്‌സലോണ താരത്തെ പരിഗണിക്കുന്നില്ലെന്നും വ്യക്തമാക്കി.
അതേസമയം നെയ്‌മർ ഫ്രഞ്ച് ക്ലബ് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾക്കാണ് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുള്ളത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ട്.