വീണ്ടും സമനിലയിൽ കുരുങ്ങി ബാഴ്‌സലോണ, ടീമിന്റെ പിഴവുകൾക്കെതിരെ വിമർശനവുമായി പരിശീലകൻ
ലാ ലിഗയിൽ മയോർക്കക്കെതിരെ നടന്ന മത്സരത്തിൽ സമനില വഴങ്ങി ബാഴ്‌സലോണ. റയൽ മാഡ്രിഡ് കഴിഞ്ഞ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനോട് തോൽവി വഴങ്ങിയതോടെ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയ ബാഴ്‌സലോണക്ക് അതു നഷ്‌ടപെടുത്താൻ കാരണമാകുന്ന സമനിലയാണ് ഇന്നലെ നടന്ന മത്സരത്തിൽ ഉണ്ടായത്. അടുത്ത മത്സരത്തിൽ ജിറോണയും റയൽ മാഡ്രിഡും വിജയിച്ചാൽ ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്ക് വീഴും.
അൽമേരിയയുടെ മൈതാനത്തു നടന്ന മത്സരത്തിൽ രണ്ടു ടീമുകളും രണ്ടു ഗോളടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. വേദാട് മുറിക്കിയുടെ ഗോളിൽ അൽമേരിയ മുന്നിലെത്തിയ മത്സരത്തിൽ റാഫിന്യയുടെ ഗോളിൽ ബാഴ്‌സലോണ ഒപ്പമെത്തിയെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അൽമേരിയ വീണ്ടും മുന്നിലെത്തി. ഒരുപക്ഷെ തോൽവി വഴങ്ങിയേക്കാമെന്ന സാഹചര്യത്തിൽ പകരക്കാരനായിറങ്ങിയ ഫെർമിൻ ലോപസ് നേടിയ ഗോളിലാണ് ബാഴ്‌സലോണ സമനില നേടിയെടുത്തത്.
"അവർ മുന്നിലെത്തിയത് നമ്മളുടെ പിഴവിൽ നിന്നാണ്. അതിനു ശേഷം നമ്മൾ ഏറ്റവും നല്ല പ്രകടനം നടത്തിയപ്പോൾ സമനില ഗോൾ നേടി. എന്നാൽ അവർ വീണ്ടും ഒരു ഗോൾ കൂടി നേടി. ആ രണ്ടു പിഴവുകളും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ബുദ്ധിമുട്ടാകുമെന്ന് വിചാരിച്ചെങ്കിലും നമ്മൾ അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. അതുപോലെ വഴങ്ങുകയും ചെയ്‌തു. അതെല്ലാം പിഴവുകൾ ആയിരുന്നു. മത്സരം നമ്മുടെ നിയന്ത്രണത്തിലുള്ളപ്പോൾ അവസരങ്ങൾ ലഭിച്ചിരുന്നു."
"പ്രതിരോധത്തിൽ നമുക്കിനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. കഴിഞ്ഞ സീസണിൽ നമ്മൾ പ്രതിരോധത്തിൽ വളരെ കരുത്തരും നല്ല ശ്രദ്ധയുള്ളവരുമായിരുന്നു. ഇന്നത്തെ മത്സരത്തിൽ നമ്മൾ മോശമായിരുന്നില്ല, പക്ഷെ ഒരിക്കലും സംഭവിക്കാൻ പാടാത്ത രണ്ടു പിഴവുകൾ നമ്മളിൽ നിന്നുമുണ്ടായി. അതുകൊണ്ടാണ് ഇന്നത്തെ മത്സരത്തിൽ രണ്ടു പോയിന്റുകൾ നഷ്‌ടപ്പെടുത്തേണ്ടി വന്നത്." സാവി മത്സരത്തിന് ശേഷം പറഞ്ഞു.
മത്സരത്തിൽ റഫറി ഒരു പെനാൽറ്റി അനുവദിക്കാതിരുന്ന തീരുമാനത്തെയും സാവി വിമർശിച്ചു. അടുത്ത മത്സരത്തിൽ സെവിയ്യയെയാണ് ബാഴ്‌സലോണ നേരിടുന്നത്. ലീഗിൽ നിലവിൽ പതിനൊന്നാം സ്ഥാനത്തു നിൽക്കുന്ന ടീമാണ് സെവിയ്യയെങ്കിലും അവർ വെല്ലുവിളി സൃഷ്‌ടിക്കാനുള്ള സാധ്യതയുണ്ട്. അതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ പോർട്ടൊക്കെതിരെയാണ് ബാഴ്‌സലോണയുടെ മത്സരം.